ജെസ്‌നയുടെ തിരോധാനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: പത്തനംതിട്ട വെച്ചൂച്ചിറയില്‍  ജെസ്‌ന മരിയ ജെയിംസി(20)നെ കാണാതായതുമായി ബന്ധപ്പെട്ട് ഐ ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ പതിനഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ജെസ്‌നയെ കണ്ടെത്തുന്നതിലേക്കു നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ പാരിതോഷികവും സംസ്ഥാന പോലിസ് മേധാവി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ടി നാരായണന്‍ ഓപറേഷനല്‍ ഹെഡും തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസറുമാണ്. ഇമാനുവേല്‍ പോള്‍, എന്‍ സി രാജ്‌മോഹന്‍, സാബു കെ എസ്, ലാല്‍ജി, എം എസ് സന്തോഷ്, സേവ്യര്‍ സെബാസ്റ്റ്യന്‍, എം ഐ ഷാജി, ടി രാജപ്പന്‍, അനന്തലാല്‍, സുനില്‍ കുമാര്‍, ബാബു ഡേവിസ്, പ്രദീപ് കുമാര്‍, സി ദിനേശ് കുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ ജെസ്‌നയെ മാര്‍ച്ച് 21 മുതല്‍ വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്നാണു കാണാതായത്. ഇതു സംബന്ധിച്ച്  വെച്ചൂച്ചിറ എസ്‌ഐയുടെയും തുടര്‍ന്നു പെരുനാട് സിഐയുടെയും നേതൃത്വത്തിലാണ്  തുടക്കത്തില്‍ അന്വേഷണം നടത്തിയത്.
കേരളത്തിന് അകത്തുംപുറത്തും പത്രപരസ്യം ഉള്‍പ്പെടെ നല്‍കിയിരുന്നു. തുടര്‍ന്ന് 2018 മേയ് മൂന്നിന് തിരുവല്ല ഡിവൈഎസ്പി അന്വേഷണ ഉദ്യോഗസ്ഥനായി സൈബര്‍ വിദഗ്ധരെയും വനിതാ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഇന്‍സ്‌പെക്ടര്‍മാരെയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട എസ്പി രൂപീകരിക്കുകയും ജെസ്‌നയെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലിസ് മേധാവി രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണ സംഘമാണ് ഇപ്പോള്‍ വിപുലീകരിച്ചത്.
അഞ്ചരയടി ഉയരം, വെളുത്തുമെലിഞ്ഞ ശരീരപ്രകൃതവും കണ്ണട ധരിച്ചതും പല്ലില്‍ കമ്പി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാവുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്. ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ്, തിരുവല്ല, പത്തനംതിട്ട, കേരളം എന്ന വിലാസത്തിലോ 9497990035 എന്ന ഫോണ്‍ നമ്പറിലോ റ്യുെ്േഹഹമുമേ.ുീഹ@സലൃമഹമ.ഴീ്.ശി എന്ന ഇ-മെയിലിലോ നല്‍കണമെന്ന് പത്തനംതിട്ട എസ്പി അഭ്യര്‍ഥിച്ചു.
വിവരങ്ങള്‍ നല്‍കുന്നയാളുടെ പേരും മറ്റു വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതാണ്.
Next Story

RELATED STORIES

Share it