ജെസ്‌നയുടെ തിരോധാനം: പെട്ടികളില്‍ നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നു സൂചന

പത്തനംതിട്ട: റാന്നി കൊല്ലമുളയില്‍ നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌നയെപ്പറ്റി വിവരങ്ങള്‍ എഴുതിയിടാന്‍ 12 സ്ഥലങ്ങളില്‍ വച്ചിരുന്ന പെട്ടികളില്‍ നിന്നു ലഭിച്ച അഞ്ചു കത്തുകളില്‍ നിര്‍ണായക വിവരങ്ങളെന്നു സൂചന. രഹസ്യ സ്വഭാവമുള്ള കത്തുകള്‍ സൈബര്‍ സെല്ലിനു കൈമാറിയെന്ന് പോലിസ് അറിയിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് വിവരശേഖരണ പെട്ടികള്‍ സ്ഥാപിച്ചത്. അഞ്ചു ദിവസത്തിനുള്ളില്‍ 50ലേറെ കത്തുകള്‍ ലഭിച്ചു. മിക്കതും കെട്ടുകഥകളും അഭ്യൂഹങ്ങളും മാത്രമാണ്. എന്നാല്‍, അഞ്ചു കത്തുകളില്‍ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളാണുള്ളതെന്നാണു വിവരം.
വിവരശേഖരണ പെട്ടികള്‍ അതതിടങ്ങളില്‍ വീണ്ടും സ്ഥാപിക്കും. അഞ്ചുദിവസം കഴിഞ്ഞു പരിശോധിക്കും. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ, ബംഗളൂരു, ഗോവ, പൂനെ എന്നിവിടങ്ങളിലേക്കു പോയ പോലിസ് സംഘങ്ങള്‍ ഇന്നു തിരിച്ചെത്തും. ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നീക്കം.
നാലു സ്ഥലങ്ങളിലെയും മലയാളി അസോസിയേഷനുകള്‍, പള്ളി ഭാരവാഹികള്‍ എന്നിവരുമായി അന്വേഷണസംഘം ചര്‍ച്ച നടത്തി. ഇവിടങ്ങളില്‍ ജെസ്‌നയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it