Flash News

ജെല്ലിക്കെട്ടിനുള്ള കേന്ദ്രാനുമതി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ജെല്ലിക്കെട്ടിനുള്ള കേന്ദ്രാനുമതി സുപ്രീംകോടതി സ്‌റ്റേ ചെയ്തു
X
JELLIKETT1

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതി സുപ്രിംകോടതി സ്റ്റേ ചെയ്തു. സുപ്രീംകോടതി ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്ന് ജെല്ലിക്കെട്ടിന് നല്‍കിയ കേന്ദ്രാനുമതി ചോദ്യംചെയ്ത് ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡും പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് എന്ന സംഘടനയും നല്‍കിയ ഹരജിയിലാണ് നടപടി. ഹരജിക്കാര്‍ ഉന്നയിച്ച കാര്യങ്ങള്‍ പ്രഥമദൃഷ്ട്യാ അംഗീകരിച്ചുകൊണ്ടാണ് ജസ്്റ്റീസുമാരായ ദീപക് മിശ്ര, എന്‍ വി രമണ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രാനുമതിക്ക് ഇടക്കാല സ്റ്റേ എര്‍പ്പെടുത്തിയത്. 21ാം നൂറ്റാണ്ടിലും മൃഗങ്ങളോട് ഇത്തരത്തിലുള്ള ക്രൂരത അനുവദിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

[related]ജനുവരി 15നാണ് പൊങ്കല്‍ എന്നതിനാല്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 2011ല്‍ ജെല്ലിക്കെട്ടിന് കേന്ദ്രം ഏര്‍പ്പെടുത്തിയ നിരോധനം ശരിവെച്ച് 2014ല്‍ സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഈമാസം ഏഴിന് നല്‍കിയ കേന്ദ്രാനുമതി കോടതി സ്‌റ്റേ ചെയ്തത്. ഇതോടെ ഈ മാസം 15 ന് നടക്കുന്ന പൊങ്കല്‍ ആഘോഷങ്ങളോടനുബന്ധിച്ച് ജെല്ലിക്കെട്ട് ഉണ്ടാകില്ലെന്ന് ഉറപ്പായി. എന്തിനാണ് ഇത്തരമൊരു ആഘോഷം എന്നും നാലുവര്‍ഷത്തോളം ഇതുണ്ടായിരുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു.
ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയത്.

അപകടം പതിവായ സാഹചര്യത്തിലാണ് സുപ്രിംകോടതി പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ജെല്ലിക്കെട്ട് നടത്തുന്നത് നിരോധിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന്റെ നിരോധനം എടുത്തുമാറ്റി രാഷ്ട്രീയ മുതലെടുപ്പ് എടുക്കാനായിരുന്നു കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ലക്ഷ്യം.
Next Story

RELATED STORIES

Share it