Flash News

ജെറാര്‍ഡ് മുള്ളര്‍, ജര്‍മനിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍

ജെറാര്‍ഡ് മുള്ളര്‍, ജര്‍മനിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍
X


ജര്‍മനിയുടെ ഒരുകാലത്തെ വജ്രായുധമായ ജെറാര്‍ഡ് മുള്ളറും ഫുട്‌ബോള്‍ ലോകം കീഴടക്കി സുവര്‍ണ പാദുകങ്ങള്‍ സ്വന്തമാക്കിയവരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയ താരമാണ്. 1970 ലോകകപ്പില്‍ ഇരട്ട ഹാട്രിക്കോടെ ജര്‍മനിയുടെ ലോകകപ്പ് മുന്നേറ്റത്തില്‍ നിര്‍ണായ പങ്കുവഹിച്ച താരമാണ് ജെറാര്‍ഡ്. അന്ന് ജര്‍മനി മൊത്തം 17 ഗോളുകള്‍ എതിര്‍ ടീമിന്റെ വലയില്‍ നിക്ഷേപിച്ചപ്പോള്‍ ഇതില്‍ 10 ഗോളും കണ്ടെത്തിയാണ്  മുള്ളര്‍ ജര്‍മന്‍ ലോകത്തിന്റെ സൂപ്പര്‍ സ്റ്റാറായത്. താരത്തിന്റെ ചിറകിലേറിയാണ് അന്ന് ജര്‍മനി മൂന്നാം സ്ഥാനവുമായി നാട്ടിലേക്ക് വണ്ടി കയറിയതും. പിന്നീട് 1974ല്‍ നടന്ന അടുത്ത ലോകകപ്പില്‍ നാല് ഗോളുകള്‍ കണ്ടെത്തിയ മുള്ളര്‍ ഫൈനലില്‍ താരത്തിന്റെ നിര്‍ണായകമായ ഏകഗോള്‍ മികവില്‍ ഹോളണ്ടിനെ 2-1ന് പരാജയപ്പെടുത്തി അന്ന്  കിരീടവും അക്കൗണ്ടിലാക്കി.
ലളിതമായ ഫിനിഷിങ് രൂപമാണ് ആരാധകര്‍ക്ക് ജെറാര്‍ഡിനെ മറ്റൊരു താരവുമായി വേറിട്ടു അകറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. ജര്‍മനിക്ക് വേണ്ടി 62 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞ മുള്ളര്‍ 68 ഗോളുകള്‍ നേടിയാണ് മറ്റ് താരങ്ങളെ അദ്ഭുതപ്പെടുത്തിയത്. ഇതിലൂടെ ഒരുഗോളിന് മുകളില്‍ ശരാശരി കണ്ടെത്തി  എക്കാലത്തെയും ഗോള്‍ സ്‌കോറര്‍മാരില്‍ 12ാം സ്ഥാനത്തെത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 1970ല്‍ സ്വന്തം നാട്ടില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ സ്വന്തം ആരാധകര്‍ക്ക് ഗോള്‍ വിസ്മയം സമ്മാനിച്ചാണ് ജെറാര്‍ഡ് ബൂട്ടഴിച്ചത്. ഇതില്‍ രണ്ട് ഹാട്രിക്കുകള്‍ നിറഞ്ഞു നില്‍ക്കുന്നു എന്നതും താരത്തിലെ കാല്‍പന്ത് പ്രതിഭയെ എടുത്തുകാട്ടുന്നു. 1970ലെ ജര്‍മന്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ  മൂന്ന് കളികളില്‍ നിന്ന് രണ്ട് ഹാട്രിക്കുകളടക്കം ഏഴ് ഗോളുകളാണ് താരം സ്വന്തമാക്കിയത്.  മൊറോക്കോയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ നിര്‍ണായകമായ ഒരു ഗോളിലൂടെ ജര്‍മനിക്ക് 2-1ന്റെ വിജയം സമ്മാനിച്ച മുള്ളര്‍ ബള്‍ഗേറിയക്കെതിരായ അടുത്ത മല്‍സരത്തില്‍ ഹാട്രിക് കണ്ടെത്തിയാണ് ഈ ലോകകപ്പ് തന്റേതെന്ന് താരം തെളിയിച്ചത്. ഈ മല്‍സരത്തില്‍ 5-2നാണ് ജര്‍മനി വെന്നിക്കൊടി നാട്ടിയത്. പെറു എതിരാളിയായെത്തിയ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ താരത്തിന്റെ ഒറ്റയാള്‍ പ്രകടനത്തിലൂടെ  ടീം അവരെയും തുരത്തുകയായിരുന്നു. ജര്‍മന്‍ നിരയില്‍ നിന്ന് ഒരിക്കല്‍ കൂടി മുള്ളറിന്റെ ബൂട്ടുകളില്‍ നിന്ന് ഹാട്രിക് ഗോള്‍ പിറന്ന ഈ മല്‍സരത്തില്‍ 3-1നാണ് ജര്‍മനി വിജയം തുടര്‍ന്നത്. ഇതോടെ ആ വര്‍ഷത്തെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം താരത്തിലേക്കാണ് വന്നു വീഴുക എന്ന് ലോക ഫുട്‌ബോള്‍ ആരാധകര്‍ വിധിയെഴുതി. ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയ ജര്‍മനിക്ക് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടായിരുന്നു എതിരാളി. നിലവിലെ ചാംപ്യന്‍മാരെ വീഴ്ത്തുക എന്ന ഒരൊറ്റ ഉദ്ദേശത്തോടെ കളത്തിലിറങ്ങിയ ജര്‍മന്‍ പടയ്ക്ക് മുന്നില്‍ കരുത്തുറ്റ പോരാളികള്‍ കളം വാണതോടെ ജയം ഇരുവര്‍ക്കും അപ്രവചനീയമായി. എന്നാല്‍ സാധാരണ സമയം കഴിഞ്ഞതോടെ മല്‍സരം എക്‌സ്ട്രാ സമയത്തേക്ക് നീണ്ടു. വിജയഗോളിനായി ഇരുടീമും ജീവന്‍ പണയം വച്ച് കളിച്ചപ്പോള്‍ 108ാം മിനിറ്റിലെ തകര്‍പ്പന്‍ ഗോളോടെ മുള്ളര്‍ ഒരിക്കല്‍ കൂടി ടീമിന്റെ രക്ഷകനായി. ഇതോടെ നിലവിലെ ചാംപ്യന്‍മാര്‍ക്കെതിരേ 3-2ന്റെ ജയവുമായി ജര്‍മനി സെമിയിലേക്ക് കുതിച്ചു.
എന്നാല്‍ സെമിയില്‍ ഫുട്‌ബോള്‍ ലോകം അടക്കി വാണ ഇറ്റലിയായിരുന്നു ജര്‍മനിക്ക് തടയിടാനെത്തിയത്. രണ്ട് വര്‍ഷം മുമ്പ് യൂറോപ്യന്‍ ചാംപ്യന്‍ഷിപ് കിരീടം ചൂടിയ രാജാക്കന്‍മാര്‍. ഇരു ടീമിന്റെയും പോരാട്ടം മുറുകിയ സെമിയില്‍ മല്‍സരം 1-1ല്‍ അവസാനിച്ചതോടെ വിജയികളെ നിര്‍ണയിക്കാനുള്ള അടുത്ത ചുവടുവയ്പായ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എന്നാല്‍ അവിടെയും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ മുള്ളറിന്റെ കാലുകളില്‍ നിന്ന് ഗോളുകള്‍ രണ്ട് തവണ ഇറ്റാലിയന്‍ വലയിലേക്ക് ഇരച്ചുകയറി.  നിര്‍ഭാഗ്യവശാല്‍ ജര്‍മന്‍ പടയുടെ പോരാട്ടം ഒരു ഗോളിനിപ്പുറം(3-4) അവസാനിക്കുകയായിരുന്നു. പ്രതീക്ഷിച്ച ലോകകപ്പ് കിരീടം ജര്‍മനിക്ക് തലനാരിഴയ്ക്ക് നഷ്ടം. എന്നാല്‍ മൂന്നാം സ്ഥാനമെങ്കിലും നാട്ടിലെത്തിക്കെണമെന്ന വാശിയോടെ ഉറുഗ്വേയ്‌ക്കെതിരേ മൈതാനിയിലിറങ്ങിയ ജര്‍മനി ഏകഗോളിന്റെ ആധിപത്യത്തോടെ ആശ്വാസ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഫൈനല്‍ കാണാന്‍ ഭാഗ്യമുണ്ടായിരുന്നെങ്കിലും അടുത്ത ലോകകപ്പില്‍ കിരീടം നേടിയാണ് ജര്‍മന്‍ ടീം മൂന്നാം സ്ഥാനത്തിന്റെ മാറ്റ് ഇരട്ടിച്ചത്. 1970ല്‍ 10 ഗോളുമായി ഗോള്‍വേട്ടയില്‍ ബഹുദൂരം മുന്നിലെത്തിയ ജെറാര്‍ഡ് മുളളറെ അന്ന് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം തേടിയെത്തുകയും ചെയ്തു. ഈ വര്‍ഷം തന്നെ താരം മികച്ച യൂറോപ്യന്‍ ഫുട്‌ബോള്‍ പ്ലയര്‍ ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it