ജെയ്റ്റ്‌ലി സമര്‍പ്പിച്ച മാനനഷ്ടക്കേസ്; ആംആദ്മി നേതാവിന്റെ ഹരജി തള്ളി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമര്‍പ്പിച്ച മാനനഷ്ടക്കേസ് തള്ളണമെന്നാവശ്യപെട്ട് ആംആദ്മി വക്താവ് ദീപക് ബാജ്പായ് നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. തനിക്കെതിരേ വസ്തുതാപരമായ കാര്യങ്ങളൊന്നും ഹരജിയില്‍ പറഞ്ഞിട്ടില്ലെന്നും അതിനാല്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടുള്ള ബാജ്പായിയുടെ ഹരജിയാണ് ജസ്റ്റിസ് വിപിന്‍ സാങ്ഗിയുടെ ബെഞ്ച് തള്ളിയത്.
ഹരജിയില്‍ പരാതിക്കാരന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് ബാജ്പായിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ എച്ച് എസ് ഫുല്‍ക കോടതിയെ ബോധിപ്പിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബാജ്പായിയുമടക്കം അഞ്ച് ആംആദ്മി നേതാക്കള്‍ക്കെതിരെയാണ് ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ ജെയ്റ്റ്‌ലി സാമ്പത്തിക അഴിമതി നടത്തിയെന്നായിരുന്നു ആരോപണം.
എന്നാല്‍ പ്രതികളെല്ലാം ഉള്‍പ്പെട്ട ഗൂഢാലോചനയിലൂടെയാണ് ജെയ്റ്റ്‌ലിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതെന്നും ബാജ്പായിയുടെ ട്വിറ്ററില്‍ ജെയ്റ്റ്‌ലിക്കെതിരേ നിരവധി ആരോപണങ്ങള്‍ കാണാമെന്നുമാണ് ജെയ്റ്റ്‌ലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് നയ്യാര്‍ കോടതിയില്‍ വാദിച്ചത്.
Next Story

RELATED STORIES

Share it