kozhikode local

ജെന്‍ഡര്‍ പാര്‍ക്ക് സ്ത്രീകള്‍ക്ക് ലഭിക്കാന്‍ ഇനിയെത്ര കാലം?



അംബിക

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ കേന്ദ്രമെന്നനിലയില്‍ രാജ്യത്തിന് അഭിമാനമായി വെള്ളിമാടുകുന്നില്‍ ആരംഭിച്ച ആദ്യത്തെ ജെന്‍ഡര്‍ പാര്‍ക്ക് ആറു വര്‍ഷത്തനിപ്പുറവും യാഥാര്‍ഥ്യമായിട്ടില്ല. ഗാന്ധി സ്മരണയുണര്‍ത്തുന്ന പഴയ കെട്ടിടം മോഡിപിടിപ്പിച്ച് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. കോഴിക്കോട്ടേക്കുള്ള യാത്രകളില്‍ ഗാന്ധിജി താമസിച്ച വീടാണിത്. ഇതിന്റെ പിറകിലായി സൗത്ത് ഏഷ്യന്‍ ജെന്‍ഡര്‍ റിസര്‍ച്ച് സെന്ററിന്റെ പണിയും പൂര്‍ത്തിയായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നാല് സ്മാര്‍ട്ട് ക്ലാസ് മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവയും വൈദ്യുതീകരണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നതിന്റെ പേരില്‍ അടഞ്ഞു കിടക്കുകയാണ്. കണ്‍വന്‍ഷന്‍ സെന്ററിനു സമീപത്തുതന്നെ ആംഫി തിയേറ്ററിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. 500 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന കണ്‍വന്‍ഷന്‍ സെന്ററാണിത്. നിര്‍മാണ പ്രവൃത്തി നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സ്റ്റാഫ് പറഞ്ഞത് നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായ കെട്ടിടങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ്. 2011ല്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണ് സ്ത്രീകളുടെ ഉന്നമനത്തിനായി ഈ പദ്ധതി പ്രഖ്യാപിച്ചത്. 2012-13 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ആറു കോടി രൂപയാണ് സാമൂഹിക നീതി വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന് നീക്കി വച്ചത്. 2012ലാണ് പാര്‍ക്കിന് തറക്കല്ലിട്ടത്. 2012 മാര്‍ച്ച് 8 മുതല്‍ 10 വരെ നടന്ന ജെന്‍ഡര്‍ ഫെസ്റ്റിനെതിരേ പദ്ധതിയുടെ ആസൂത്രണത്തില്‍ സ്ത്രീ പ്രവര്‍ത്തകര്‍ക്ക് പങ്കാളിത്തം ഉറപ്പു വരുത്തിയില്ലെന്നതിന്റെ പേരില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളാല്‍ തന്നെ ശ്രദ്ധേയമായിരുന്നു. ജെന്‍ഡര്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും 2016ലാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നത്. 2016 ഫെബ്രുവരി 27ന് അന്നത്തെ രാഷ്ട്രപതി പ്രണബ് കുമര്‍ മുഖര്‍ജിയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിടുമ്പോഴും അവിടെ കാണാനായത് അടഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും ഒരു സെക്യൂരിറ്റിയെയും രണ്ടു സ്ത്രീ തൊഴിലാളികളെയും മാത്രമാണ്. സമീപത്തു തന്നെയുള്ള രണ്ടു പഴയ കെട്ടിടങ്ങളില്‍ ഒന്നിന്റെ നവീകരണപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധയില്ലാത്തതിനാല്‍ സാമൂഹികവിരുദ്ധരുടെ ആക്രമണത്തില്‍ തകര്‍ന്ന നിലയിലാണ്. നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായ കെട്ടിടങ്ങളും വൈദ്യുതീകരണം പൂര്‍ത്തിയായില്ല എന്നതിന്റെ പേരില്‍ ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുന്നു. ഗാന്ധി സ്മാരക മ്യൂസിയം, ഏഷ്യന്‍ ജെന്‍ഡര്‍ റിസര്‍ച്ച് സെന്റര്‍ എന്നിങ്ങനെയുള്ള മികച്ച സൗകര്യങ്ങള്‍, സാംസ്‌കാരിക സമുച്ചയം, താമസിക്കാനും വിശ്രമിക്കാനും അത്യാധുനിക സൗകര്യങ്ങളോടെ ഗസ്റ്റ് ഹൗസ്, വിപുലമായ ലൈബ്രറി, കുടുംബശ്രീ, വനിതാകമ്മീഷന്‍, വനിതാവികസന കോര്‍പറേഷന്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഓഫിസുകള്‍ തുടങ്ങി എല്ലാം ഒരിടത്തുതന്നെ ഒരുക്കുക എന്നതായിരുന്നു ലക്ഷ്യമെന്നാണ് അന്ന് അധികൃര്‍ പറഞ്ഞിരുന്നത്.
Next Story

RELATED STORIES

Share it