kozhikode local

ജെഡി റോഡിലെ മാലിന്യ സംഭരണ കേന്ദ്രം മാറ്റാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്‌

വടകര:  ജെഡി റോഡിലെ വിവാദ മാലിന്യ സംഭരണ  കേന്ദ്രം അനുയോജ്യമായ സ്ഥലത്തേക്കു മാറ്റാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. അന്‍പത് ദിവസം പിന്നിട്ട ജനകീയ പ്രക്ഷോഭം നടക്കുന്നതിനിടെയാണ്  മാലിന്യ കേന്ദ്രം അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കാന്‍ ജില്ലാ  കലക്ടര്‍ നഗര സഭക്ക് നിര്‍ദേശം നല്‍കിയത്. മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തുകര മാലിന്യ സംഭരണ കേന്ദ്രവും ജനജീവിതത്തിന്  തടസ്സമാവാത്ത പ്രദേശത്തേക്ക് മാറ്റാന്‍ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയും, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും   മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാനുദ്ദേശിച്ച പ്രദേശങ്ങള്‍ അനുയോജ്യമല്ലെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.  ഇന്നലെയാണ് ജില്ലാ കലക്ടറുടെ ഔദ്യോഗിക ഉത്തരവ് സമര സമിതിക്കാര്‍ക്ക് ലഭിച്ചത്. പ്രദേശത്ത് നേരിട്ട് വന്ന് പരിശോധിച്ച ജില്ലാ കലക്ടര്‍ പദ്ധതിക്ക് അനുയോജ്യമായ രീതിയിലുള്ള മറ്റു സ്ഥലങ്ങളുണ്ടെന്നും ജനങ്ങളുടെ ശക്തമായ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും  ഉത്തരവില്‍ പറയുന്നു. വടകര നഗരസഭ എംആര്‍എഫ് നിര്‍മിക്കാനുദ്ദേശിച്ച പ്രദേശം റെയില്‍വെ പുറംമ്പോക്ക് ഭൂമിയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ഒരു അങ്കണവാടിയും, മദ്‌റസയും പ്രവര്‍ത്തിക്കുന്നുണ്ട്.  നഗരസഭയ്ക്ക് ഇതിലും അനുയോജ്യമായ സ്ഥലം ലഭ്യമാണെന്ന് ജില്ലാ കലക്ടര്‍ നേരിട്ടു നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി. തോടന്നൂര്‍ ബ്ലോക്ക് എംആര്‍എഫ് നിര്‍മിക്കാനുദ്ദേശിക്കുന്ന മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തകരയില്‍ ശക്തമായ  പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ കലക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും മണിയൂര്‍ പഞ്ചായത്തിലേതിനേക്കാള്‍ ബ്ലോക്ക് പരിധിയിലുള്ള ആയഞ്ചേരിയില്‍ അനുയോജ്യമായ സ്ഥലം ലഭ്യമാണെന്ന്  ബോധ്യപ്പെടുകയും ചെയ്തു.
ആയഞ്ചേരിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി  4 ഏക്കര്‍ സ്ഥലത്ത് എംആര്‍എഫ് അടക്കം ഗ്രീന്‍ പ്രൊഡക്റ്റ്‌സിനായി  മിനി വ്യാവസായിക എസ്റ്റേറ്റ് സ്ഥാപിക്കാമെന്നാണ് നിര്‍ദേശം.  എതിര്‍പ്പ് അവഗണിച്ചും മാലിന്യ  കേന്ദ്രം ജെഡി റോഡില്‍ സ്ഥാപിക്കുമെന്ന് നഗരസഭ  തീരമാനമെടുത്തതോടെയാണ് ജനകീയ സമരസമിതി രൂപീകരിച്ച് നാട്ടുകാര്‍ അന്ശ്ചിതകാല റിലേ സത്യഗ്രഹ ത്തിന് തുടക്കമിട്ടത്.
കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിച്ച ദിവസം ഇവിടേക്ക് മാര്‍ച്ച് നടത്തിയ പൗരസമിതിയുടെ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. സമാനമായ രീതിയില്‍ തന്നെയായിരുന്നു തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലും പ്രതിഷേധം ഉയര്‍ന്നു വന്നത്.
Next Story

RELATED STORIES

Share it