ജെഡിയു യുഡിഎഫില്‍ തന്നെ തുടരും: പി പി തങ്കച്ചന്‍

തിരുവനന്തപുരം: ജെഡിയു യുഡിഎഫില്‍ തന്നെ തുടരുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍. അവര്‍ മുന്നണി വിട്ടുപോവില്ലെന്ന് ഉറപ്പാണ്. അവര്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് പരിഹാരമുണ്ടാക്കും. കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനവും പാലക്കാട് തോല്‍വിയുമാണ് ജെഡിയു ഉന്നയിക്കുന്ന പ്രധാന പരാതികള്‍. ഇതു രണ്ടിലും വൈകാതെ പരിഹാരമുണ്ടാവുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച ജെഎസ്എസ് നേതാവ് രാജന്‍ ബാബുവിനെതിരായ നടപടിയില്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കും. രണ്ട് ഘടകകക്ഷികളുമായി മാത്രമാണ് ഇനിയും വിഷയം ചര്‍ച്ച ചെയ്യാനുള്ളത്. അതിനുശേഷം കക്ഷികളുടെ നിലപാട് മുഖ്യമന്ത്രിയെ അറിയിക്കും. അദ്ദേഹം അന്തിമ തീരുമാനമെടുക്കും. രാജന്‍ ബാബുവിനെതിരേ കോണ്‍ഗ്രസ് കടുത്ത നിലപാട് വേണമെന്ന ആവശ്യത്തിലാണല്ലോ എന്ന ചോദ്യത്തിന് എല്ലാവരുമായും ആശയവിനിമയം നടത്തി പൊതു അഭിപ്രായമുണ്ടാക്കുമെന്നും തങ്കച്ചന്‍ പ്രതികരിച്ചു. ലാവ്‌ലിന്‍ കേസില്‍ നടപടികള്‍ വൈകുന്നതിനാലാണ് റിവ്യൂ ഹരജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ലാവ്‌ലിന്‍ കേസിലെ നിയമനടപടി എങ്ങിനെ രാഷ്ട്രീയ പ്രേരിതമാവുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസനും ചോദിച്ചു. ലാവ്‌ലിന്‍ കേസില്‍ ഉചിത സമയത്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിക്കുമെന്ന് പി പി തങ്കച്ചന്‍ പറഞ്ഞു. തന്റെ നിലപാട് വിഎസ് നേരത്തേ വ്യക്തമാക്കിയതാണ്. വിഎസ് ഇതുവരെ പറഞ്ഞത് മാറ്റിപ്പറയില്ലെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it