Flash News

ജെഡിയു കേരള ഘടകം കേന്ദ്ര നേതൃത്വവുമായി അകലുന്നു



തിരുവനന്തപുരം: ജെഡിയു കേരള ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. രണ്ടു മാസത്തിനകം ഇതുസംബന്ധിച്ച തീരുമാനമുണ്ടാവും. സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രപതി സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരേ യോഗത്തില്‍ വിമര്‍ശനമുണ്ടായി. അദ്ദേഹത്തിന്റെ തീരുമാനം തിരുത്തണമെന്ന് ആവശ്യമുയര്‍ന്നു. സംസ്ഥാനത്ത് ജനതാദളിന്റെ പുനരേകീകരണത്തിനുള്ള സാധ്യതകള്‍ തേടാനും യോഗത്തില്‍ ധാരണയായി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാറിനു വോട്ട് ചെയ്യുമെന്നും വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു. കേന്ദ്രനിലപാടുകളെ അംഗീകരിക്കാനാവില്ല. അതിനാല്‍, കേന്ദ്രനേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കണം. ബിജെപി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരേ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മീരാകുമാറിന് വോട്ട് ചെയ്യാനുള്ള തന്റെ തീരുമാനത്തെ കേന്ദ്രനേതൃത്വം അംഗീകരിക്കുമെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു. പാര്‍ട്ടിയുടെ കേരള ഘടകത്തിന് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, ഷേക്ക് പി ഹാരിസ്, ചാരുപാറ രവി, എം വി ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം, ലയനത്തിന്റെ ഭാഗമായി ജനതാദള്‍-എസ് സംസ്ഥാന നേതൃത്വവുമായി ജെഡിയു നേതൃത്വം രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതായാണ് സൂചന.
Next Story

RELATED STORIES

Share it