Flash News

ജെഡിയു ഇടത്തോട്ട്

എച്ച് സുധീര്‍

തിരുവനന്തപുരം: ഒമ്പതു വര്‍ഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എല്‍ഡിഎഫിലേക്ക് ചേക്കേറാന്‍ ജെഡിയു തീരുമാനം. ഇന്നലെ രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ 14 ജില്ലാ പ്രസിഡന്റുമാരും മുന്നണിമാറ്റത്തെ അനുകൂലിച്ചു. ഏകകണ്ഠമായ തീരുമാനമാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവന്നതെന്ന് യോഗത്തിനുശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ സംഘടനാരൂപം എങ്ങനെ വേണം, രാഷ്ട്രീയ നിലപാട് എങ്ങനെയാവണം എന്നതിലും സെക്രട്ടേറിയറ്റ് ഏകാഭിപ്രായത്തിലെത്തി. ഇക്കാര്യം സംസ്ഥാന നിര്‍വാഹക സമിതിയിലും സംസ്ഥാന കൗണ്‍സിലിലും ചര്‍ച്ച ചെയ്യും. ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കാന്‍ സംസ്ഥാന അധ്യക്ഷനായ എം പി വീരേന്ദ്രകുമാറിനെ ചുമതലപ്പെടുത്തിയതായും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
എല്‍ഡിഎഫിലേക്ക് പോവാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് എം പി വീരേന്ദ്രകുമാര്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പറഞ്ഞു. ഈ നിര്‍ദേശത്തെ എല്ലാവരും അനുകൂലിച്ചു. യുഡിഎഫ് വിട്ടുപോവുന്നതിനെ എതിര്‍ത്തിരുന്ന കെ പി മോഹനന്‍, മനയത്ത് ചന്ദ്രന്‍ തുടങ്ങിയ നേതാക്കളും തീരുമാനത്തോടൊപ്പം നിന്നു.
ഇന്നു നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ തീരുമാനം പാസാക്കും. മുന്നണിമാറ്റം ഉറപ്പായതോടെ ജെഡിയു നേതൃത്വം എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ചകള്‍ തുടങ്ങി. ദേശീയ സെക്രട്ടറി എം വി ശ്രേയാംസ്‌കുമാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായും ചര്‍ച്ച നടത്തി.
ബിജെപി ചേരിക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി തുടരാനാവില്ലെന്ന നിലപാട് കൈക്കൊണ്ട് എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ജെഡിയു യുഡിഎഫിലേക്ക് പോയത്. നിലവില്‍ എല്‍ഡിഎഫിനൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്കു നില്‍ക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ സിപിഎമ്മുമായി അനൗദ്യോഗിക ചര്‍ച്ചകളും നടന്നിട്ടുണ്ട്.
വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവില്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റും വേണമെന്നാണ് ആവശ്യം. മുന്നണിമാറ്റത്തില്‍ പാര്‍ട്ടി തീരുമാനം വരുന്നതോടെ ഔദ്യോഗിക ചര്‍ച്ചകളും ആരംഭിക്കും. യുഡിഎഫ് വിടുന്നതോടെ മലബാര്‍ മേഖലയില്‍ രാഷ്ട്രീയതലത്തിലും ഭരണതലത്തിലും മാറ്റമുണ്ടാവും.
Next Story

RELATED STORIES

Share it