ജെഡിഎസ് പട്ടികയായി; ജോസ് തെറ്റയില്‍ പുറത്ത്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജനതാദള്‍ സെക്കുലറിന്റെ (ജെഡിഎസ്) സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. അങ്കമാലിയിലെ സിറ്റിങ് എംഎല്‍എ ജോസ് തെറ്റയിലിന് ഇത്തവണ സീറ്റ് നല്‍കിയില്ല. പകരം അങ്കമാലി നഗരസഭാ മുന്‍ ചെയര്‍മാന്‍കൂടിയായ ബെന്നി മൂഞ്ഞേലി ഈ മണ്ഡലത്തില്‍ മല്‍സരിക്കും. അങ്കമാലി അടക്കമുള്ള അഞ്ച് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണു പ്രഖ്യാപിച്ചത്.
വടകരയില്‍ സി കെ നാണുവും തിരുവല്ലയില്‍ മാത്യു ടി തോമസും കോവളത്ത് ജമീല പ്രകാശവും വീണ്ടും മല്‍സരിക്കും. ചിറ്റൂര്‍ സീറ്റില്‍ കെ കൃഷ്ണന്‍കുട്ടിയാണ് ജനവിധി തേടുക. അങ്കമാലി സീറ്റിന്റെ കാര്യത്തില്‍ മാത്രമായിരുന്നു പാര്‍ട്ടിയിലും മുന്നണിയിലും പ്രതിസന്ധി ഉണ്ടായിരുന്നത്. ലൈംഗികാരോപണക്കേസില്‍ കുടുങ്ങിയ ജോസ് തെറ്റയിലിന് സീറ്റ് നല്‍കരുതെന്ന നിലപാടിലായിരുന്നു പ്രാദേശികനേതൃത്വം. ഇതേത്തുടര്‍ന്ന് സംസ്ഥാനനേതൃത്വം പാനല്‍ തയ്യാറാക്കി കേന്ദ്രത്തിന് കൈമാറി. മണ്ഡലത്തിന്റെ പാനലില്‍ നാലാംസ്ഥാനത്തായിരുന്നു തെറ്റയിലിന്റെ പേര്.
അഴിമതിയും മന്ത്രിമാരുടെ വഴിവിട്ട ബന്ധങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ തീരുമാനിച്ച ഇടതുപക്ഷത്തിന് തെറ്റയിലിന്റെ സ്ഥാനാര്‍ഥിത്വം ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it