ജെഡിഎസ് ആരോടൊപ്പം നില്‍ക്കും

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂക്ക് പാര്‍ലമെന്റ് വരികയാണെങ്കില്‍ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) ആരോടൊപ്പം നില്‍ക്കുമെന്നതാണ് ചോദ്യം. മുന്‍ അനുഭവംവച്ചാണെങ്കില്‍ അവര്‍ ബിജെപിയെ തിരഞ്ഞെടുക്കാനാണു സാധ്യത. കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കണമെങ്കില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്നതുള്‍പ്പെടെയുള്ള ഉപാധി എച്ച് ഡി കുമാരസ്വാമി മുന്നോട്ട് വയ്ക്കാനിടയുണ്ട്. നേരത്തേ കോണ്‍ഗ്രസ്സിന്റെ കൈകളില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണു താന്‍ ബിജെപിക്കൊപ്പം പോയതെന്നാണു കുമാരസ്വാമിയുടെ ന്യായീകരണം. കോണ്‍ഗ്രസ്സും ബിജെപിയും ഒരുപോലെ ദുരന്തമാണ്. എന്നാല്‍, എംഎല്‍എമാരെ വിലക്കെടുത്ത് തന്റെ പാര്‍ട്ടിയെ പൂര്‍ണമായും ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും കുമാരസ്വാമി ആരോപിക്കുന്നു. ബിജെപിയോട് സഹകരിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് പാര്‍ട്ടി നേതാവും കുമാരസ്വാമിയുടെ പിതാവുമായ എച്ച് ഡി ദേവഗൗഡയുടെ അഭിപ്രായം.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന വേളകളിലെല്ലാം സംസ്ഥാനത്തെ വോട്ടിങ് രൂപം സമാനമായിരുന്നു. എന്നാല്‍, അവസാന മുനിസിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത് രണ്ടുവര്‍ഷം മുമ്പാണ്. കോണ്‍ഗ്രസ്സിന് 44 ശതമാനം, ബിജെപിക്ക് 36 ശതമാനം, ജെഡിഎസിന് 15 ശതമാനം, മറ്റുള്ളവര്‍ക്ക് ആറു ശതമാനം സീറ്റുകളാണു കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇതിനെ നിയമസഭാ സീറ്റുകളായി പരിവര്‍ത്തിപ്പിച്ചാല്‍ കോണ്‍ഗ്രസ്സിന് 99, ബിജെപിക്ക് 81, ജെഡിഎസിന് 34, മറ്റുള്ളവര്‍ക്ക് 10 സീറ്റുകളാണു ലഭിക്കുക.
വോട്ട് ശതമാനത്തിലെ ചെറിയ മാറ്റം പോലും സീറ്റുകളില്‍ വലിയ മാറ്റമുണ്ടാക്കുമെന്നതാണു സംസ്ഥാനത്തിന്റെ മറ്റൊരു പ്രത്യേകത. നിലവിലെ സ്ഥിതി അനുസരിച്ച് കോണ്‍ഗ്രസ്സിന് കേവല ഭൂരിപക്ഷം കിട്ടാന്‍ മൂന്നു ശതമാനം വോട്ടുകളും ബിജെപിക്ക് നാലു ശതമാനം വോട്ടുകളും അനുകൂലമായി മറിയണം. 224 അംഗ അസംബ്ലിയില്‍ ബിജെപി കഴിഞ്ഞതവണത്തേതിന്റെ ഇരട്ടി സീറ്റുകള്‍ നേടുമെന്നാണു ഭൂരിഭാഗം അഭിപ്രായ വോട്ടെടുപ്പുകളും പ്രവചിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തെ അഭിപ്രായ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സിന് 94, ബിജെപിക്ക് 86, ജെഡിഎസിന് 39, മറ്റുള്ളവര്‍ക്ക് അഞ്ച് സീറ്റുകളാണ് പ്രവചിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലെ അഭിപ്രായ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സിന് 95ഉം ബിജെപിക്ക് 94ഉം ജെഡിഎസിന് 30ഉം സീറ്റുകളാണ് പ്രവചിച്ചിരുന്നത്.
2013ലെ തിരഞ്ഞെടുപ്പില്‍ 112 എന്ന കടമ്പ കോണ്‍ഗ്രസ് എളുപ്പത്തിലാണ് മറികടന്നത്. എന്നാല്‍, അന്ന് ബി എസ് യെദ്യൂരപ്പ ബിജെപിക്കൊപ്പമുണ്ടായിരുന്നില്ല. യെദ്യൂരപ്പ ഒപ്പമുണ്ടായിരുന്നെങ്കില്‍ 2013ലും തൂക്കുസഭ ആവുമായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 122, ബിജെപിക്കും ജെഡിഎസിനും 40 സീറ്റുകള്‍ വീതം, മറ്റുള്ളവര്‍ക്ക് 22 സീറ്റുകളാണു സംസ്ഥാനത്ത് ലഭിച്ചത്. ഇതോടൊപ്പം ദക്ഷിണ കര്‍ണാടകയിലുള്‍പ്പെടെ നിര്‍ണായക സ്വാധീനമുള്ള എസ്ഡിപിഐയുടെ നിലപാടും ഇത്തവണ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും.
Next Story

RELATED STORIES

Share it