ജെഎസ്എസ് തനിച്ചു മല്‍സരിക്കും; ആറ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മല്‍സരിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ആറു സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. സീറ്റുകളും സ്ഥാനാര്‍ഥികളെയും നിശ്ചയിക്കാന്‍ കെ ആര്‍ ഗൗരിയമ്മയെ ചുമതലപ്പെടുത്തി.
ജെഎസ്എസ് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് നിര്‍ണായക സംസ്ഥാനസമിതി യോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷ ഗൗരിയമ്മ അറിയിച്ചു. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ തങ്ങളെ വഞ്ചിക്കുകയായിരുന്നു. എകെജി സെന്ററിലേക്ക് തന്നെ വിളിച്ചുവരുത്തിയത് ചര്‍ച്ചയ്ക്കായിരുന്നില്ല, സീറ്റില്ലെന്ന് പറയാനായിരുന്നു. തോമസ് ഐസക് കാണാന്‍ വന്നത് അനുരഞ്ജനത്തിനല്ലെന്നും വോട്ട് പിടിക്കാനായിരുന്നുവെന്നും ഗൗരിയമ്മ ആരോപിച്ചു. ജെഎസ്എസ് നിലവില്‍ വന്നതിനുശേഷം പാര്‍ട്ടി മല്‍സരിക്കാത്ത ഒരു നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞുപോയിട്ടില്ല. തങ്ങളെ വഞ്ചിച്ചവരോടൊപ്പം പോവേണ്ടതില്ലെന്ന സംസ്ഥാന സമിതിയിലെ ഭൂരിപക്ഷാഭിപ്രായം മാനിച്ചാണ് തീരുമാനമെന്നും അവര്‍ വിശദീകരിച്ചു.
അതേസമയം, ഗൗരിയമ്മയും മല്‍സരരംഗത്തിറങ്ങണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫില്‍ തുടരണമെന്ന് ഒരുവിഭാഗവും സ്വതന്ത്രമായി നില്‍ക്കണമെന്ന് മറുവിഭാഗവും വാദിച്ചു. എന്‍ഡിഎയില്‍ കക്ഷിയാവണമെന്നായിരുന്നു മറ്റു ചിലരുടെ വാദം. എന്നാല്‍, സ്വതന്ത്രമായി നിലനില്‍ക്കണമെന്ന ഭൂരിപക്ഷാഭിപ്രായം സമിതി അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനമുണ്ടായി. അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം സീറ്റുകള്‍ വേണമെന്നായിരുന്നു സിപിഎമ്മിനോട് ജെഎസ്എസ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഎസ്എസിന് നാലുസീറ്റ് ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it