ജെഎസ്എസിന് ഘടകകക്ഷിയുടെ പരിഗണന നല്‍കുമെന്ന് കോടിയേരി; ജെഎസ്എസ് തീരുമാനം പുനപ്പരിശോധിച്ചേക്കും

ആലപ്പുഴ: ഇടതു മുന്നണിയില്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. ജെഎസ്എസിന് ഘടകകക്ഷിയുടെ എല്ലാ പരിഗണനയും നല്‍കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള ജെഎസ്എസിന്റെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ഗൗരിയമ്മയോട് കോടിയേരി ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കണം. തിരഞ്ഞെടുപ്പില്‍ ചില സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല.
എന്നാല്‍, കോടിയേരിയുടെ ആവശ്യം പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ ചില തെറ്റുകള്‍ പറ്റിയതായി കോടിയേരി സൂചിപ്പിച്ചു. ജെഎസ്എസിന്റെ തീരുമാനം തനിക്ക് ഒറ്റയ്‌ക്കെടുക്കാന്‍ കഴിയില്ല. ഇക്കാര്യം മുന്‍നിര്‍ത്തി സംസ്ഥാനസമിതി യോഗം ചേരുമെന്നും ഗൗരിയമ്മ പറഞ്ഞു.
ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആറ് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ തോമസ് ഐസക് എംഎല്‍എ ഗൗരിയമ്മയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇത് വോട്ട് അഭ്യര്‍ഥിക്കാന്‍ മാത്രമായിരുന്നുവെന്നാണ് ഗൗരിയമ്മ പറഞ്ഞത്.
ഇന്നലെ രാവിലെ ചേര്‍ന്ന ജെഎസ്എസ് സംസ്ഥാന സെന്റര്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയുണ്ടായി.
Next Story

RELATED STORIES

Share it