ജെഎന്‍ യു, രോഹിത് വെമുല; പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ജെഎന്‍യു, രോഹിത് വെമുല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് ഈ ഉറപ്പു നല്‍കിയത്. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ സമയം പാര്‍ലമെ ന്റ് സമ്മേളനം നീട്ടാന്‍ തങ്ങള്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യത്തെ സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യോഗത്തില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഭരണഘടനയില്‍ വിശ്വസിക്കാത്തവരുടെ കാര്യമല്ല തങ്ങള്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് രാജ്യദ്രോഹം ചുമത്താവുന്നതൊന്നും ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ പ്രസംഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
സമ്മേളനത്തില്‍ ചരക്ക് സേവന നികുതി ബില്ല് ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാക്കുന്നതിന് പിന്തുണ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാന്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ തയ്യാറായില്ല. മന്ത്രിമാരും ഭരിക്കുന്ന പാര്‍ട്ടിയിലെ നേതാക്കളുമെല്ലാം ചേര്‍ന്ന് രാജ്യത്തെ സാമൂഹിക അന്തരീക്ഷം വഷളാക്കിയിരിക്കുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.
ഈ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു. 23 മുതലാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. പത്താന്‍കോട്ട് ആക്രമണം, അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തല്‍, ഹൈദരാബാദിലെ രോഹിത് വെമുല സംഭവത്തില്‍ കേന്ദ്രത്തിന്റെ പങ്ക്, ജെഎന്‍യു തുടങ്ങിയ വിഷയങ്ങളാവും പാര്‍ലമെന്റില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക.
സിപിഎം ഓഫിസിനു നേരെയുണ്ടായ ആക്രമണവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കു നേരെയുണ്ടായ വധഭീഷണിയും സിപിഎം യോഗത്തില്‍ ഉന്നയിച്ചു. താന്‍ ബിജെപിയുടെ പ്രധാനമന്ത്രിയല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും യോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു.
പാര്‍ലമെന്റ് നടപടികള്‍ സമാധാനപരമായി നടത്താന്‍ യോഗത്തില്‍ ധാരണയായതായി വെങ്കയ്യ നായിഡു പറഞ്ഞു.
Next Story

RELATED STORIES

Share it