ജെഎന്‍യു വ്യാജ വീഡിയോ: മൂന്നു ചാനലുകള്‍ക്കെതിരേ കേസ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് വ്യാജദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനു മൂന്നു ദേശീയ ടെലിവിഷന്‍ ചാനലുകള്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്തു. ഡല്‍ഹി സര്‍ക്കാരിന്റെ പരാതിയില്‍ ടൈംസ് നൗ, സീ ന്യൂസ്, ന്യൂസ് എക്‌സ്, ചാനലുകള്‍ക്കെതിരെയാണു നടപടി.
ഫെബ്രുവരി ഒമ്പതിന് ജെഎന്‍യു കാംപസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തിനു തെളിവായാണ് മൂന്നു ചാനലുകള്‍ ദൃശ്യങ്ങളിലും ശബ്ദരേഖകളിലും കൃത്രിമം നടത്തി വീഡിയോ പുറത്തുവിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പെടെ 21 വിദ്യാര്‍ഥികള്‍ക്കെതിരേ ഡല്‍ഹി പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്ന തെളിവുകളുമായി മറ്റു ചില മാധ്യമങ്ങളും വിദ്യാര്‍ഥികളും രംഗത്തെത്തി. സംഭവം വിവാദമായതോടെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഫെബ്രുവരി 13ന് മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു.
രാജ്യദ്രോഹത്തിനു തെളിവുകള്‍ വീഡിയോകളില്‍ ലഭിച്ചിട്ടില്ലെന്നും കൃത്രിമം കാട്ടിയ ദൃശ്യങ്ങളാണ് ചാനലുകള്‍ പുറത്തുവിട്ടതെന്നുമായിരുന്നു കണ്ടെത്തല്‍. റിപോര്‍ട്ടിന്‍മേല്‍ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കുമോയെന്നു സര്‍ക്കാരിന്റെ നിയമവിഭാഗം അന്വേഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് ചാനലുകള്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകരാണ് ഈ ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് ഇവയുടെ ആധികാരികത പരിശോധിക്കാതെ ചാനലുകള്‍ വിദ്യാര്‍ഥികളെ കുറ്റവാളികളായി ചിത്രീകരിക്കുകയായിരുന്നു.
സ്വന്തമായി പാസ്‌പോര്‍ട്ടില്ലാത്ത ഉമര്‍ ഖാലിദ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും അവിടുത്തെ സായുധസംഘങ്ങളുമായി ബന്ധമുണ്ടെന്നും വരെ ചില ചാനലുകള്‍ വാര്‍ത്ത നല്‍കുകയുണ്ടായി. സംഭവം വിവാദമായതോടെ സീ ന്യൂസില്‍നിന്നു രാജിവച്ച പ്രൊഡ്യൂസര്‍ ചാനല്‍ അധികൃതര്‍ മനപ്പൂര്‍വം തെറ്റുവരുത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it