ജെഎന്‍യു, രോഹിത്: പാര്‍ലമെന്റില്‍ വാഗ്വാദം; രാജ്യസഭ പലതവണ തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: ജെഎന്‍യു, രോഹിത് വെമുല വിഷയങ്ങളെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. യുവാക്കളുടെ വായ മൂടിക്കെട്ടി സര്‍ക്കാര്‍ ജനാധിപത്യ തത്ത്വങ്ങളെ ഞെരിച്ചുകൊല്ലുകയാണെന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ടയാളെ രാഹുല്‍ ഗാന്ധി പിന്തുണയ്ക്കുന്നുവെന്നു കുറ്റപ്പെടുത്തിയാണ് ഭരണപക്ഷം ഇതിനെ നേരിട്ടത്.
പാര്‍ലമെന്റ് ആക്രമിച്ചവര്‍ക്കു വേണ്ടിയാണോ പാര്‍ലമെന്റിനെ അക്രമികളില്‍ നിന്നു സംരക്ഷിച്ചവര്‍ക്കു വേണ്ടിയാണോ സഭ നിലകൊള്ളുന്നതെന്ന് അവര്‍ ചോദിച്ചു. കോണ്‍ഗ്രസ് ചീഫ്‌വിപ്പ് ജ്യോതിരാദിത്യ സിന്ധ്യയാണു ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. രോഹിതിന്റെ ആത്മഹത്യക്ക് ഉത്തരവാദി മന്ത്രിമാരായ സ്മൃതി ഇറാനിയും ബന്ദാരു ദത്താത്രേയയുമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു പ്രശ്‌നത്തില്‍ അഞ്ചുതവണ കത്തെഴുതിയ മന്ത്രി ലോകത്ത് എവിടെയുമില്ല. രോഹിതിനും കനയ്യ കുമാറിനുമെതിരേ കരുക്കള്‍ നീക്കിയത് ആര്‍എസ്എസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി പക്ഷത്തുനിന്ന് അനുരാഗ് താക്കൂറാണ് രാജ്യസ്‌നേഹത്തെക്കുറിച്ച് സംസാരിച്ചത്. കോണ്‍ഗ്രസ്സിന് ആദ്യം കുടുംബം, പിന്നെ പാര്‍ട്ടി, അവസാനം രാഷ്ട്രം എന്ന കാഴ്ചപ്പാടാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രോഹിത് വിഷയത്തെച്ചൊല്ലി ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നതോടെ രാജ്യസഭ പലതവണ തടസ്സപ്പെട്ടു. ബിഎസ്പി അധ്യക്ഷ മായാവതിയും മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും തമ്മിലുള്ള വാക്‌പോരിനും സഭ സാക്ഷിയായി.
മന്ത്രി ബന്ദാരു ദത്താത്രേയയുടെ രാജിയാവശ്യപ്പെട്ട് ബിഎസ്പി അംഗങ്ങളാണ് ബഹളം തുടങ്ങിയത്. ആര്‍എസ്എസിന്റെ അതിദുഷ്ട നയങ്ങളാണു സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി. വിവിധ സര്‍വകലാശാലകളില്‍ കേന്ദ്രം ഇടപെടല്‍ നടത്തി. രോഹിതിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സമിതിയില്‍ ദലിതനെയും ഉള്‍പ്പെടുത്തണം. സ്മൃതി ഇറാനി ദലിത് വിരുദ്ധയാണെന്നും മായാവതി കുറ്റപ്പെടുത്തി.
മായാവതിയുടെ സര്‍ട്ടിഫിക്കറ്റ് ഉള്ള ദലിതുകള്‍ മാത്രമാണു സമിതിയില്‍ വേണ്ടതെന്നാണോ പറയുന്നതെന്ന് സ്മൃതി ഇറാനി ചോദിച്ചു. ബഹളത്തെ തുടര്‍ന്ന് ഉപാധ്യക്ഷന്‍ സഭ നിര്‍ത്തിവച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോഴും ബഹളമുണ്ടായി.
Next Story

RELATED STORIES

Share it