ജെഎന്‍യു പ്രതിഷേധത്തിനെതിരേ ബ്ലോഗെഴുത്ത് വിമര്‍ശനവുമായി വിനയനുംഎം ബി രാജേഷും

തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ഥികളെ വിമര്‍ശിച്ച് ബ്ലോഗെഴുതിയ മോഹന്‍ലാലിനെ വിമര്‍ശിച്ചും രാജ്യത്ത് ശക്തിയാര്‍ജിക്കുന്ന വര്‍ഗീയ വിഭജനത്തെ എതിര്‍ത്തും സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎം യുവനേതാവ് എം ബി രാജേഷ് എംപിയും ലാലിനെതിരേ രംഗത്തെത്തി. ഇന്ത്യയെ ഇനിയൊരു വിഭജനത്തിലേക്കു പോലും തള്ളിവിടുന്ന രീതിയിലുള്ള വിഭാഗീയ പ്രവര്‍ത്തനം അനുവദിച്ചുകൂടെന്ന് പറഞ്ഞ് അവസാനിക്കുന്ന പോസ്റ്റില്‍ മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞത് രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകുകയുള്ളൂ എന്നും വിനയന്‍ തുറന്നെഴുതുന്നു. സംഘപരിവാര നിലപാടുകളെ അനുകൂലിക്കുന്ന മോഹന്‍ലാലിന്റെ ബ്ലോഗിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് വിനയന്റെ പോസ്‌റ്റെന്നതും ശ്രദ്ധേയമാണ്.  ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസല്‍മാനും, ക്രിസ്ത്യാനിക്കും, മറ്റേതു മതവിഭാഗത്തില്‍ പെട്ടയാള്‍ക്കും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. രാജ്യസ്‌നേഹവും അഭിപ്രായസ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴക്കുമ്പോഴാണ് ചില സംശയങ്ങള്‍ ഉടലെടുക്കുന്നത്.മോഹന്‍ലാല്‍ ഇന്നലെ ബ്ലോഗിലെഴുതിയതു വായിച്ചപ്പോഴും എനിക്കീ സംശയമുണ്ടായി.  നമ്മുടെ സര്‍വകലാശാലകളില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികളെ പോലും രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടച്ചപ്പോള്‍ അതു തെറ്റായി പോയി എന്ന ശബ്ദം ഇന്ത്യയൊട്ടാകെ അലയടിച്ചു. അതില്‍ രാഷ്ട്രീയ മുതലെടുപ്പുണ്ടായിരുന്നു എന്ന് തെളിവുകള്‍ സഹിതം നമ്മുടെ മീഡിയകള്‍ പ്രതികരിച്ചു. ആ ചര്‍ച്ചകളും കോലാഹലങ്ങളുമൊക്കെ സത്യവും നീതിയും തമസ്‌ക്കരിക്കപ്പെടുന്നതിന്റെ പേരിലായിരുന്നു. അതിനെ രാജ്യസ്‌നേഹവുമായി കൂട്ടിക്കുഴച്ച് “ദയവുചെയ്ത് ഇത്തരം ചര്‍ച്ചകളും കോലാഹലങ്ങളും നിര്‍ത്തണം എന്നു മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞത് മേല്‍പറഞ്ഞ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകുകയുള്ളൂ. മരിക്കാത്ത ഇന്ത്യയില്‍ നമ്മള്‍ ജീവിക്കണമെങ്കില്‍ ധീരജവാന്മാരുടെ മനക്കരുത്തു മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനുള്ള പക്വതയും നമ്മുടെ ഭരണാധികാരികള്‍ക്കു വേണമെന്നും വിനയന്‍ കുറിച്ചു.രാജ്യത്തെ  മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ ചവിട്ടി മെതിക്കപ്പെടുമ്പോള്‍ ചോദ്യം ചെയ്യുക എന്നതാണ് യഥാര്‍ഥ രാജ്യസ്‌നേഹിയുടെ കടമയെന്ന് രാജേഷ എം പി അഭിപ്രായപ്പെട്ടു. അങ്ങനെ ചോദ്യംചെയ്യുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് സംഘപരിവാര്‍. രാഷ്ട്രപിതാവ് ഗാന്ധിജിയല്ല അദ്ദേഹത്തിന്റെ കൊലയാളി ഗോദ്‌സെയാണ് രാജ്യത്തിന്റെ യഥാര്‍ഥ നായകനെന്ന് നിരന്തരമായി ചിലര്‍ പ്രഖ്യാപിക്കുമ്പോള്‍ യഥാര്‍ഥ ദേശസ്‌നേഹികള്‍ക്ക് മുറിവേല്‍ക്കുകയും വേദനിക്കുകയും ചെയ്യും. അത് കേട്ടിട്ടും രോഷം തോന്നുന്നില്ലെങ്കില്‍ ഒന്നുറക്കെ പ്രതിഷേധിക്കണമെന്ന് തോന്നുന്നില്ലെങ്കില്‍ ആ നിസ്സംഗതയും മൗനവും അദ്ഭുതപ്പെടുത്തുന്നതാണെന്നും രാജേഷ് എം പി കുറിക്കുന്നു.
Next Story

RELATED STORIES

Share it