ജെഎന്‍യു പ്രതിഷേധത്തിനെതിരേ ബ്ലോഗെഴുത്ത്; മോഹന്‍ലാലിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

കെ എം അക്ബര്‍

ചാവക്കാട്: ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം.  സിനിമാ-രാഷ്ട്രീയ രംഗത്തു നിന്നടക്കം നിരവധി പേരാണ് മോഹന്‍ലാലിന്റെ പ്രതികരണത്തിനെതിരേ രംഗത്തെത്തിയത്. രാജ്യം സംരക്ഷിക്കാന്‍ പോയ ഒരു പട്ടാളക്കാരന്റെ പിതാവിനെ മാട്ടിറച്ചി വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് തല്ലി കൊന്നപ്പോഴും, അമ്പലത്തില്‍ കയറി എന്നാരോപിച്ച് ഒരു ദലിത് കുടുംബത്തിലെ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരെ ചുട്ടുകൊന്നപ്പോഴും മോഹന്‍ലാല്‍ ഒന്നും മിണ്ടിയില്ലെന്നും ലോകം മുഴുവനും ജെഎന്‍യുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ആ സമരങ്ങളേയെല്ലാം വില കുറച്ച് കാണാനാണ് അദ്ദേഹം തന്റെ ബ്ലോഗിലൂടെ ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാര്‍ സോഷ്യല്‍ മീഡിയ വഴി അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് സ്വാതന്ത്ര്യ ബോധമുള്ള ചെറുപ്പക്കാരും സവര്‍ണ രാഷ്ട്രീയ പ്രഭുക്കന്മാരും തമ്മിലുള്ള പോരാട്ടമാണെന്നും, മോഹന്‍ലാല്‍ കരുതുന്ന പോലെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആകുലതകളല്ലെന്നും പ്രതിഷേധക്കാര്‍ പോസ്റ്റിട്ടു. അസഹ്ഷിണുതയ്‌ക്കെതിരേ പ്രതികരിച്ച നടന്‍മാരായ ഷാരൂഖ് ഖാനേയും അമീര്‍ ഖാനേയും നാട് കടത്തണമെന്ന് ഫാഷിസ്റ്റുകള്‍ ആവശ്യമുന്നയിച്ചപ്പോള്‍ മിണ്ടാതിരുന്ന മോഹന്‍ലാല്‍ ആണ് ഇപ്പോള്‍ അകാരണമായി രാജ്യവിരുദ്ധരായി മുദ്രകുത്തപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രാജ്യസ്‌നേഹം പഠിപ്പിച്ചുകൊടുക്കണമെന്ന് പറയുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ജെഎന്‍യുവിലെ അഗ്‌നിപോലെ പൊള്ളുന്ന സമരവീര്യമുള്ള വിദ്യാര്‍ഥികളുടെ രാഷ്ട്രീയ ബോധവും മോഹന്‍ലാലിന്റെ രാഷ്ട്രീയ ബോധവും തമ്മില്‍, കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ടെന്നും യാഥാര്‍ഥ്യ ബോധമുള്ള രാഷ്ട്രീയ ചിന്തകള്‍ വരുംകാല ബ്ലോഗുകളില്‍ വിഷയമാക്കുകയാണ് മോഹന്‍ലാല്‍ ചെയ്യേണ്ടതെന്നും ചിലര്‍ കുറിച്ചു. ഫാഷിസം അതിന്റെ വിശ്വരൂപം പുറത്തെടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇന്ത്യയാകെ പോരാട്ടം നടക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കാനുള്ള നട്ടെല്ല് കാണിച്ചില്ലെങ്കിലും വഴി തിരിച്ചു വിടാനുള്ള വിലകുറഞ്ഞ ശ്രമം നടത്തരുതെന്ന് മോഹന്‍ലാലിനെ ഉപദേശിക്കുന്ന പോസ്റ്റുകള്‍ക്ക് വന്‍ ജനപിന്തുണയാണ് സോഷ്യല്‍ മീഡിയകളില്‍ ലഭിക്കുന്നത്. നടനെ കണക്കിനു പരിഹസിക്കുന്നമുണ്ട് സോഷ്യല്‍ മീഡിയ. അതിര്‍ത്തിയില്‍ ഓരോ ജവാനും മരിച്ചുവീഴുമ്പോഴും രാജ്യസ്‌നേഹമില്ലാത്ത മിസ്റ്റര്‍ കംപ്ലീറ്റ് ആക്ടര്‍ സിനിമികള്‍ അഭിനയിച്ച് അര്‍മാദിക്കുകയായിരുന്നു എന്നായിരുന്നു അനീഷ് അരവിന്ദ് എന്നയാളുടെ സ്റ്റാറ്റസ്. വൈശാഖന്‍ തമ്പിയുടെ കിടിലന്‍ പോസ്റ്റാണ് മറ്റൊരു വൈറല്‍. എന്തായാലും പ്രധാനമന്ത്രിയെക്കാളും വല്യ ആളൊന്നുമല്ലല്ലോ ലാലേട്ടന്‍! പിന്നെന്താ ലാലേട്ടന് മണ്ടത്തരം പറഞ്ഞാലെന്ന് സരസമായി ചോദിക്കുകയാണ് വൈശാഖന്‍.
Next Story

RELATED STORIES

Share it