ജെഎന്‍യു പരിപാടിയുടെ വ്യാജ വീഡിയോ; ചാനലുകള്‍ക്കെതിരേ നിയമനടപടി

ന്യൂഡല്‍ഹി: അഫ്‌സല്‍ഗുരു, കശ്മീര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ജെഎന്‍യുവില്‍ നടന്ന പരിപാടിയുടെ വ്യാജ വീഡിയോ സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു.
ജെഎന്‍യുവിലെ പരിപാടി വിവാദമാവുകയും പോലിസ് ഇടപെടല്‍ ഉണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്നു ഡല്‍ഹി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മജിസ്‌ട്രേറ്റ് കഴിഞ്ഞ ആഴ്ച റിപോര്‍ട്ട് സമര്‍പ്പിച്ചു.
വിദ്യാര്‍ഥികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനു തെളിവില്ലെന്നു പറയുന്ന റിപോര്‍ട്ട്, പ്രചരിപ്പിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങളില്‍ ചിലത് കൃത്രിമമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായും വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണു വ്യാജ വീഡിയോ സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.
മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തിയതിനു നന്ദി അറിയിക്കാന്‍ സിപിഎം, ജെഡിയു നേതാക്കള്‍ മുഖ്യമന്ത്രി കെജ്‌രിവാളിനെ കണ്ടു. വീഡിയോ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, ജെഡിയു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി എന്നിവര്‍ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടു. ചാനലുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം കെജ്‌രിവാള്‍ സംഘത്തെ അറിയിച്ചു. വിദ്യാര്‍ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന തരത്തില്‍ നിര്‍മിച്ച വീഡിയോ ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. വീഡിയോയിലില്ലാത്ത വ്യക്തികളുടെ ശബ്ദം കൃത്രിമമായി ഇതില്‍ തിരുകിച്ചേര്‍ക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സീ ന്യൂസ്, ടൈംസ് നൗ, ന്യൂസ് എക്‌സ് എന്നീ ചാനലുകള്‍ക്കെതിരെയാവും നടപടി. ചാനലുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് കെജ്‌രിവാള്‍ അറിയിച്ചതായി യെച്ചൂരി പറഞ്ഞു.
ജെഎന്‍യുവില്‍ ഫെബ്രുവരി ഒമ്പതിന് നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യകുമാറടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരേ ദേശദ്രോഹത്തിന് പോലിസ് കേസെടുത്തിരുന്നു. കനയ്യക്ക് ജാമ്യം ലഭിച്ചെങ്കിലും ഉമര്‍ ഖാലിദ്, അനിര്‍ബന്‍ തുടങ്ങിയ വിദ്യാര്‍ഥികള്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.
Next Story

RELATED STORIES

Share it