ജെഎന്‍യു: കേസന്വേഷണം ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്ലിന്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന കേസ് ഭീകരവാദവുമായും മറ്റും ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ അന്വേഷിക്കും. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതില്‍ സ്‌പെഷ്യല്‍ സെല്ലിന് പ്രത്യേക പ്രാവീണ്യമുള്ളതുകൊണ്ടാണ് ജെഎന്‍യു കേസ് ഈ വിഭാഗത്തിന് കൈമാറിയതെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
വിദ്യാര്‍ഥികളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തത് സ്‌പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥരായിരുന്നു. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്കോ സ്‌പെഷ്യല്‍ സെല്ലിനോ കൈമാറണമെന്ന് സൗത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രേംനാഥ് മേലുദ്യോഗസ്ഥര്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു.
വിവാദ പരിപാടിയുമായി ബന്ധപ്പെട്ട തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചു മാത്രമാണ് മൂന്നു വിദ്യാര്‍ഥികളും മറുപടി പറഞ്ഞത്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം ഇവര്‍ നിഷേധിച്ചു. അതിനിടെ, ജെഎന്‍യുവിലെ മറ്റൊരു വിദ്യാര്‍ഥിക്കു കൂടി സമന്‍സ് ലഭിച്ചു. ഐസ നേതാവ് അശുതോഷ് കുമാറിനാണ് പോലിസ് നോട്ടീസ് അയച്ചത്. തുടര്‍ന്ന് ഉമറിനെയും ഭട്ടാചാര്യയെയും ചോദ്യംചെയ്യുന്ന ആര്‍കെ പുരം സ്റ്റേഷനില്‍ ഹാജരായി.
Next Story

RELATED STORIES

Share it