ജെഎന്‍യു ഒരുപാട് അകലെയാണ്

ജെഎന്‍യു ഒരുപാട് അകലെയാണ്
X
slug--rashtreeya-keralamഫേസ്ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഹാഷ്ടാഗുകളുടെ പ്രവാഹമാണിപ്പോള്‍. ഒരുപക്ഷേ, കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സംഘപരിവാരം നേതൃത്വം നല്‍കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനെതിരേയുള്ള പ്രചാരണം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ നിലയില്‍ എത്തിനില്‍ക്കുന്ന സാഹചര്യമാണിത്. പല കാരണങ്ങള്‍കൊണ്ടും ഹിന്ദുത്വരാഷ്ട്രീയത്തോട് മൗനമായി അനുഭാവം പുലര്‍ത്തിയിരുന്നവര്‍പോലും ജെഎന്‍യു സംഭവത്തിലെ ബിജെപി-ആര്‍എസ്എസ് നിലപാടിനെ ചോദ്യംചെയ്ത് രംഗത്തെത്തിയിട്ടുണ്ടെന്നതാണ് വസ്തുത. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍ ഒരു ദേശീയ ഹീറോ തലത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ ജീവത്യാഗത്തില്‍നിന്നുയര്‍ന്ന പ്രതിഷേധജ്വാലയാണ് ഇന്ന് രാജ്യതലസ്ഥാനത്ത് ഹിന്ദുത്വ, ഫാഷിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരായ സമരജ്വാലയായി ആളിക്കത്തിക്കൊണ്ടിരിക്കുന്നത്. പുതുതലമുറയുടെ ചിന്തകളെ തീപ്പിടിപ്പിക്കും വിധത്തില്‍ ചര്‍ച്ചകളും സംവാദങ്ങളുംകൊണ്ട് ജെഎന്‍യുവും പരിസരവും സമരമുഖത്ത് സജീവമാണ്. നിലവിലെ സാഹചര്യങ്ങള്‍ ഹിന്ദുത്വശക്തികളെ എത്രത്തോളം പ്രകോപിപ്പിച്ചിട്ടുണ്ടെന്നതിന് തെളിവാണ് പട്യാല കോടതിവളപ്പില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍.
ദേശീയ രാഷ്ട്രീയം ഇത്തരത്തില്‍ പ്രക്ഷുബ്ധമായിട്ടും സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ മഹത്തായ മാതൃകകള്‍ സൃഷ്ടിച്ച ചരിത്രം അവകാശപ്പെടുന്ന, പ്രബുദ്ധതയുടെ മൊത്തക്കച്ചവടക്കാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളീയ പൊതുസമൂഹത്തിന്റെ പ്രതികരണം ഏതുരീതിയിലുള്ളതാണെന്നാണ് പരിശോധിക്കപ്പെടേണ്ടത്. കേവലം ഫേസ്ബുക്ക്, ചാനല്‍ ചര്‍ച്ചകള്‍ക്കപ്പുറം കേരളത്തിന്റെ തെരുവുകള്‍ ഇപ്പോഴും ഇക്കാര്യത്തില്‍ നിശ്ശബ്ദമാണ്. ഫാഷിസത്തിനെതിരായ പുതിയ സമരമുഖങ്ങളിലൂടെ സ്വയം ജെഎന്‍യുകളായി മാറേണ്ട കേരളത്തിലെ കാംപസുകളാവട്ടെ, ഏറക്കുറേ നിര്‍ജീവവും. ഡല്‍ഹി സംഭവങ്ങളുടെ പേരില്‍ തെരുവില്‍ പ്രതിഷേധിച്ചത് പ്രധാനമായും രണ്ടുകൂട്ടരാണ്. അത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായിരുന്നു. ജെഎന്‍യു പ്രശ്‌നത്തിന്റെ പേരിലെന്നതിലുപരി, പട്യാല കോടതിവളപ്പില്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന കൈയേറ്റമാണ് അത്തരം ചില പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ഇരുകൂട്ടരെയും പ്രേരിപ്പിച്ചത്. അതിനുമപ്പുറം, ഭരണഘടന വിഭാവനം ചെയ്യുന്ന ഉന്നതമൂല്യങ്ങള്‍ക്കെതിരേ ഹിന്ദുത്വ ഫാഷിസം നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളെക്കുറിച്ചോ തങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തിനുമേല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭീഷണിയെക്കുറിച്ചോ ഉള്ള ഗൗരവമായ ചര്‍ച്ചകളിലേക്കു കടക്കാതെ അത്തരം പ്രതിഷേധങ്ങള്‍ അവസാനിക്കുകയും ചെയ്തിരിക്കുന്നു.
സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ കൃത്യമായ പ്രതികരണവുമായി കാംപസുകളെ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും സമരങ്ങളുടെയും പ്രതലങ്ങളായി പരിവര്‍ത്തിപ്പിക്കേണ്ട വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെ നിസ്സംഗതയാണ് ഈ സാഹചര്യത്തില്‍ ഏറ്റവും ശ്രദ്ധേയമാവുന്നത്. ജെഎന്‍യു പ്രശ്‌നത്തില്‍ നാളിതുവരെ കേരളത്തിന്റെ തെരുവുകളില്‍ ഒരു പ്രതിഷേധസ്വരം ഉയര്‍ന്നുകേട്ടതായി റിപോര്‍ട്ടുകള്‍ ഇല്ല. കാംപസുകളെ പോരാട്ടഭൂമിയാക്കി മാറ്റിയ സമരവീര്യത്താല്‍ സമ്പുഷ്ടമാണ് കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഇന്നലെകള്‍. പ്രീഡിഗ്രി ബോര്‍ഡ് സമരവും സ്വാശ്രയസമരവും അടക്കമുള്ള ഭൂതകാലത്തെ ആവേശകരമായ മുന്നേറ്റങ്ങളില്‍ അഭിരമിക്കുന്നതിനപ്പുറം, പുതിയ ചരിത്രസൃഷ്ടിപ്പുകള്‍ക്ക് ശേഷിയില്ലാത്തവിധം യാന്ത്രികമോ പ്രകടനാത്മകമോ ആയിരിക്കുന്നു ഇക്കൂട്ടരുടെ വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങള്‍. വിമോചനസമരത്തിന്റെ തീച്ചൂളയില്‍ ആലപ്പുഴയില്‍ ഉദയംകൊണ്ട പ്രസ്ഥാനമായ കേരള വിദ്യാര്‍ഥി യൂനിയന്‍ എന്ന കെഎസ്‌യു കാംപസുകളില്‍ അകാലചരമം പൂകിയിട്ട് കാലങ്ങളായെന്ന വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത് മുതിര്‍ന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്. വടിവൊത്ത ഖദറിന്റെ പളപളപ്പില്‍ നടക്കുന്ന പുതുതലമുറനേതാക്കളുടെ വിദ്യാര്‍ഥിസമരങ്ങള്‍ക്ക് കാമറ ഫ്രെയിം തീര്‍ക്കുന്ന നാലതിരുകള്‍ക്കുള്ളിലെ പെര്‍ഫോമന്‍സിന് അപ്പുറത്തേക്ക് ആയുസ്സില്ലാതായിട്ട് കാലമേറെയായി. കെഎസ്‌യുവിന്റെ വിലാസത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിലേക്കും പിന്നീട് പാര്‍ലമെന്ററി പാര്‍ട്ടിയിലും സംഘടനാമേഖലയിലുമൊക്കെയായി മാതൃപ്രസ്ഥാനത്തിലേക്കും ചുവടെടുത്തുവച്ചവര്‍ ധാരാളമുണ്ട്. യുവനേതാക്കളുടെ രാഷ്ട്രീയത്തില്‍ ജനകീയപ്രശ്‌നങ്ങളുടെ അടയാളപ്പെടുത്തല്‍ എത്രത്തോളമുണ്ടെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും.
കയ്യൂരിലും കരിവെള്ളൂരിലും ധീരരക്തസാക്ഷികള്‍ സൃഷ്ടിച്ച വിപ്ലവത്തിന്റെ ചെങ്കടലില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടവരിലാണ് പിന്നീടുള്ള പ്രതീക്ഷ. സെക്രട്ടേറിയറ്റിനു മുന്നില്‍ ഇടിവണ്ടിയും ജലപീരങ്കിയും പോലിസ് ബാരിക്കേഡും നിരന്നാല്‍ മാത്രം കര്‍മോല്‍സുകരാവുന്ന പ്രത്യേക വിഭാഗമായാണ് ഇക്കൂട്ടര്‍ കുറേക്കാലമായി തെരുവില്‍ പ്രത്യക്ഷപ്പെടുന്നത്. സമരത്തിന് എരിവുപകരാന്‍ പെട്രോള്‍ ബോംബ്, മുഖംമൂടി, ഹെല്‍മറ്റ് തുടങ്ങിയവയും ഉണ്ടാവും. മുഖംമറച്ച് ചാനല്‍ കാമറകള്‍ക്കും പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കും മുമ്പില്‍ പ്രത്യേക ശരീരഭാഷ പ്രകടിപ്പിച്ചുകൊണ്ടുള്ള നില്‍പ്പുകൂടിയായാല്‍ സമരം സാര്‍ഥകവും സഖാക്കള്‍ സംതൃപ്തരുമാവും. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിന് ആയുധപ്പുരയെന്ന വിശേഷണമാണ് ഇക്കാലത്തിനിടയില്‍ ഇവര്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്ന്. അതിനുമപ്പുറത്ത് കേരളത്തിലെ വിദ്യാര്‍ഥിസമൂഹത്തിനിടയില്‍ പുതിയ കാലത്ത് ഏതുതരത്തിലുള്ള നിര്‍ണായക സ്വാധീനമാണ് ചെലുത്താന്‍ കഴിഞ്ഞിട്ടുള്ളതെന്ന് ഇടതു വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ ആത്മപരിശോധന നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
തങ്ങള്‍ക്ക് സ്വാധീനമുള്ള കാംപസുകളില്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം വേണ്ടെന്ന എസ്എഫ്‌ഐയുടെയും എബിവിപിയുടെയും നിലപാടുകള്‍ സര്‍ഗാത്മക രാഷ്ട്രീയം സംഘര്‍ഷരാഷ്ട്രീയത്തിലേക്ക് വഴിമാറുന്നതിനാണ് കളമൊരുക്കിയിട്ടുള്ളത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഭൂരിഭാഗം കാംപസുകളും രാഷ്ട്രീയ നിരോധിത മേഖലകളായി മാറിയെന്നതാണ് കഴിഞ്ഞ ഒരു ദശകക്കാലത്ത് വിദ്യാഭ്യാസരംഗത്ത് സംഭവിച്ച ഏറ്റവും പ്രകടമായ പരിവര്‍ത്തനം. തനത് രാഷ്ട്രീയം അപ്രത്യക്ഷമായ കാംപസുകളില്‍, നാക് അക്രഡിറ്റേഷനും മറ്റും ലക്ഷ്യംവച്ച് മാനേജ്‌മെന്റുകള്‍ വച്ചുനീട്ടുന്ന ക്ലബുകളിലും ഫോറങ്ങളിലുമായി ചുരുങ്ങിയിരിക്കുകയാണ് കാംപസുകളിലെ സര്‍ഗാത്മകത. മുലപ്പാല്‍ കുടിച്ചു വളരേണ്ട കുഞ്ഞുങ്ങള്‍ക്ക് പായ്ക്കറ്റ് ഫുഡ് കൊടുത്താല്‍ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ ഇവിടെയും പ്രതീക്ഷിക്കാം. അപ്പോള്‍, കാംപസുകളില്‍ അരാഷ്ട്രീയം പിടിമുറുക്കുന്നുവെന്ന് വിലപിച്ചിട്ട് കാര്യമില്ല. കാരണം, ജെഎന്‍യു കേരളത്തില്‍നിന്ന് ഒരുപാടകലെയാണ്.
Next Story

RELATED STORIES

Share it