ജെഎന്‍യു: എജിയുടെ അഭിപ്രായം തേടണം -കോടതി

ന്യൂഡല്‍ഹി: ജെഎന്‍യു സംഭവത്തില്‍ കനയ്യ കുമാര്‍, മുന്‍ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ എസ്എആര്‍ ഗീലാനി തുടങ്ങിയവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ അഭിഭാഷകനോട് അഡ്വക്കറ്റ് ജനറലിനെ സമീപിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു. പൂനെയിലെ അഭിഭാഷകന്‍ വിനീത് ദാന്‍ഡയാണ് കോടതിയലക്ഷ്യ നടപടിക്ക് അടിയന്തര ഹരജി സമര്‍പ്പിച്ചത്. അഡ്വക്കറ്റ് ജനറല്‍ മുകുള്‍ റോഹ്തഗിയുടെ അഭിപ്രായം തേടേണ്ടത് നിയമപരമായ ആവശ്യമാണെന്നും കോടതി അഭിഭാഷകനെ അറിയിച്ചു.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെക്കുറിച്ച് കനയ്യയും ഗീലാനിയും വിശേഷിപ്പിച്ച പദപ്രയോഗം തെറ്റാണെന്നും ഇത് വധശിക്ഷ നടപ്പാക്കിയ കോടതിയെ അധിക്ഷേപിക്കലാണെന്നുമാണ് ഹരജിയില്‍ ആരോപിച്ചത്.
ജെഎന്‍യുവില്‍ നടന്ന പ്രധാന ചടങ്ങ് ഈ കൊലപാതകത്തെക്കുറിച്ചായിരുന്നു. ചടങ്ങിന്റെ ലഘുലേഖയിലും ഇതു പരാമര്‍ശിച്ചിട്ടുണ്ട്. അഫ്‌സല്‍ഗുരുവും യാക്കൂബ് മേമനും ജെഎന്‍യു വിദ്യാര്‍ഥികള്‍ പ്രചരിപ്പിക്കുന്നതുപോലെ രക്തസാക്ഷികളല്ല. അവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചതെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it