ജെഎന്‍യു: ആഭ്യന്തര അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം സുതാര്യമല്ല: അധ്യാപക സംഘടന

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ സംഭവവികാസങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാലാ ഭരണകൂടം രൂപംകൊടുത്ത അന്വേഷണ പാനലിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും പോരായ്മകളുണ്ടെന്ന് സര്‍വകലാശാലാ അധ്യാപക യൂനിയന്‍.
സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടുപേരെ കൂടി പാനലില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇതില്‍ എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കു പ്രാതിനിധ്യമില്ലെന്നും പാനല്‍ പുനസ്സംഘടിപ്പിക്കപ്പെട്ടെങ്കിലും അന്വേഷണം പുനരാരംഭിച്ചില്ലെന്നും അധ്യാപക സംഘടനയുടെ അധ്യക്ഷന്‍ അജയ് പട്‌നായിക് പറഞ്ഞു. ഇത് അന്വേഷണപ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ്. രണ്ടു പുതിയ അംഗങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും അതില്‍ എസ്‌സി, എസ്ടി പ്രാതിനിധ്യമില്ല. കമ്മിറ്റിയുടെ അന്വേഷണപരിധി എന്താണെന്നു സര്‍വകലാശാല പരസ്യപ്പെടുത്തിയില്ലെന്നതും പാനലിന്റെ വിശ്വാസ്യതയെ ബാധിക്കുന്നു. പട്‌നായിക് കൂട്ടിച്ചേര്‍ത്തു. അതിനിടെ പാനലുമായി സഹകരിക്കാന്‍ വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ തയ്യാറായില്ലെന്ന് റിപോര്‍ട്ടുകളുണ്ട്.
അന്വേഷണപ്രക്രിയ പുനരാരംഭിക്കണമെന്നതു കൂടാതെ അന്വേഷണസംഘം മുന്‍വിധിയില്ലാതെ തങ്ങളുടെ മൊഴിയെടുക്കണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അന്വേഷണസംഘത്തിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും തങ്ങള്‍ക്കുള്ള ആശങ്ക വ്യക്തമാക്കി വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് കത്തെഴുതിയിരുന്നു.
Next Story

RELATED STORIES

Share it