ജെഎന്‍യുവിലെ രണ്ടു വിദ്യാര്‍ഥികള്‍ പോലിസില്‍ കീഴടങ്ങി

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ഥികള്‍ പോലിസില്‍ കീഴടങ്ങി. വിദ്യാര്‍ഥികളോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടതിനു തൊട്ടുപിറകെയാണ് ഇവര്‍ കാംപസിനു പുറത്തുവന്ന് വസന്ത്കുഞ്ച് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. കാംപസിനു പുറത്തുവരെ സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.
നിങ്ങള്‍ ആദ്യം കീഴടങ്ങൂവെന്നും നിയമം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, കാംപസില്‍ കയറി ഇവരെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി കോടതി തള്ളിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും തള്ളിയ ഹൈക്കോടതി, കീഴടങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്ഥലവും സമയവും എഴുതിനല്‍കാനും ആവശ്യപ്പെട്ടിരുന്നു.
കീഴടങ്ങാന്‍ സന്നദ്ധമാണെന്നും എന്നാല്‍, സംരക്ഷണം നല്‍കണമെന്നും വിദ്യാര്‍ഥികള്‍ കോടതിയോടു പറഞ്ഞു. കഴിഞ്ഞയാഴ്ച പട്യാലഹൗസ് കോടതിയില്‍ കനയ്യയെ ഹാജരാക്കിയപ്പോള്‍ ഒരുസംഘം അഭിഭാഷകര്‍ മര്‍ദ്ദിച്ചതുള്‍പ്പെടെയുള്ള ഭീഷണിസാഹചര്യം ചൂണ്ടിക്കാട്ടിയാണു വിദ്യാര്‍ഥികള്‍ സംരക്ഷണം ആവശ്യപ്പെട്ടത്. ഈ ഹരജി ഇന്നു പരിഗണിക്കും. പോലിസിന്റെ തിരച്ചില്‍ നോട്ടീസ് നിലവിലുള്ള ഉമര്‍ഖാലിദും മറ്റു നാലു വിദ്യാര്‍ഥികളും ഒളിവിലായിരുന്നുവെങ്കിലും ശനിയാഴ്ച അര്‍ധരാത്രി ജെഎന്‍യു കാംപസില്‍ തിരിച്ചെത്തുകയായിരുന്നു. അശുതോഷ് കുമാര്‍, ആനന്ദ് പ്രകാശ് നാരായണന്‍, രാംനാഗ എന്നീ വിദ്യാര്‍ഥികളാണ് അറസ്റ്റ് സാധ്യതയില്‍ ഇനി കാംപസിലുള്ളത്.
എന്നാല്‍, പോലിസിന് കാംപസിനുള്ളില്‍ കടക്കാനായിട്ടില്ല. പോലിസിന് അകത്തു കടക്കണമെങ്കില്‍ വൈസ് ചാന്‍സലറുടെ അനുമതി വേണം. വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍ അനുമതി നല്‍കിയിട്ടില്ല. വിദ്യാര്‍ഥികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ പോലിസിന് മുമ്പില്‍ വഴികളുണ്ടെന്ന് ഡല്‍ഹി പോലിസ് മേധാവി ബി എസ് ബസ്സി പറഞ്ഞു.
കീഴടങ്ങുകയാണെങ്കില്‍ കനയ്യയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനമെടുത്ത ശേഷമായിരിക്കും അതുണ്ടാവുക. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്താലുണ്ടാവുന്ന ക്രമസമാധാനപ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ പ്രയാസമാണെന്നു പോലിസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ഉള്ള സ്ഥലം അത്തരത്തിലുള്ളതാണെന്നും പോലിസ് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ അതിമോഹം കാട്ടുകയോ സങ്കല്‍പ്പത്തിനനുസരിച്ച് നീങ്ങുകയോ ചെയ്യേണ്ട. നടപടിക്രമങ്ങള്‍ പാലിക്കുകയാണു വേണ്ടതെന്നായിരുന്നു കോടതി നിര്‍ദേശം.
അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
Next Story

RELATED STORIES

Share it