ernakulam local

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റ് :ഒരുവര്‍ഷം കഴിഞ്ഞിട്ടും നിയമനം നടന്നിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍



കൊച്ചി: ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട്  റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും പല ജില്ലകളിലും ഒരു നിയമനം പോലും നടന്നിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍. കാസര്‍കോട്, വയനാട്, ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഒരു നിയമനം പോലും നടന്നിട്ടില്ല. എറണാകുളം, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളില്‍ വിരലിലെണ്ണാവുന്ന നിയമനങ്ങള്‍ മാത്രമാണ് നടന്നത്. 1:1 ആണ് നിയമനത്തിനുള്ള നിലവിലെ അനുപാതം. എന്നാല്‍ ഇത് നിലവില്‍ വന്നിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഭൂരിഭാഗം ജില്ലകളിലും ശരിയായ രീതിയില്‍ ഇത് നടപ്പാക്കിയിട്ടില്ലെന്നും ഓള്‍ കേരള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എല്ലാ ജില്ലകളിലുമായി നാലായിരത്തോളം ഉദ്യോഗാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. എല്ലാ ജില്ലകളിലും നിലവില്‍ ഒഴിവുകളുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഇക്കാര്യം മറച്ചുവെക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ശരിയായ വിവരങ്ങള്‍ തരാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. പല കാരണങ്ങള്‍ പറഞ്ഞാണ് തങ്ങളുടെ നിയമനം തടയുന്നത്. സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ പുതുതായി നിരവധി അധിക തസ്തികകള്‍ സൃഷ്ടിച്ചെങ്കിലും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന് ഒരു തസ്തിക പോലും വര്‍ധിപ്പിച്ചില്ല. നിയമനം വൈകുന്നത് കാരണം സര്‍ക്കാരിന്റെയും നഴ്‌സിങ് കൗണ്‍സിലിങിന്റെയും അംഗീകാരത്തോടെ ജെപിഎച്ച്എന്‍ കോഴ്‌സ് പഠിച്ച പതിനായിരങ്ങള്‍ ജോലിക്കായി കാത്തിരിക്കുകയാണ്.  സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജെപിഎച്ച് നഴ്‌സുമാര്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ സര്‍ക്കാര്‍ നിയമനം മാത്രമാണ് പ്രതീക്ഷ. നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം എട്ടിന് സംസ്ഥാനജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ ഡിഎച്ച്എസ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പി പി മറിയാമ്മ, ഷീബ ജോണ്‍സണ്‍, പുഷ്പലത, പി പി അമ്പിളി  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it