Kottayam Local

ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കി; 20 ശസ്ത്രക്രിയകള്‍ മാറ്റിവച്ചു

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കു മൂലം 20ഓളം ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലും ഹെല്‍ത്ത് സര്‍വീസിലും വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിനെതിരേ കേരള മെഡിക്കല്‍ ജോയിന്റ് ആക്്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന 24 മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജിലും പണിമുടക്ക് നടത്തി. പണിമുടക്കു മൂലം എമര്‍ജന്‍സി ശസ്ത്രക്രിയ ഒഴികെ മുന്‍ നിശ്ചയ പ്രകാരം ഇന്നലെ നടത്താനിരുന്ന ചെറുതും വലുതുമായി 20ഓളം ശസ്ത്ര ക്രിയകള്‍ മാറ്റിവച്ചു. ജനറല്‍ സര്‍ജറിയിലും ഇഎന്‍ടി വിഭാഗത്തിലുമുള്ള ശസ്ത്രക്രിയയാണ് മാറ്റിവച്ചത്. എന്നാല്‍ ഓര്‍ത്തോ വിഭാഗത്തില്‍ നിശ്ചയിച്ചിരുന്ന അഞ്ചു ശസ്ത്രക്രിയകള്‍ നടത്തിയെന്ന് അസ്ഥിരോഗ വിഭാഗം സീനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 62ലേക്കും പൊതുആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടേയും 56ല്‍ നിന്ന് 60 ആയും ഉയര്‍ത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍, പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്മാര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍, ദന്തല്‍ കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ സംയുക്തമായാണ് സമരം നടത്തുന്നത്.  ഇന്നു രാവിലെ എട്ടിന് സമരം സമാപിക്കും.  അത്യാഹിത വിഭാഗം, ഗൈനക്കോളജി, എമര്‍ജന്‍സി ശസ്ത്രക്രിയ തീയേറ്റര്‍ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ സമരം രോഗികളെ യാതൊരു വിധത്തിലും  ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്നും സമരമുണ്ടാവുമെന്ന് അറിയിപ്പുണ്ടായിരുന്നതിനാല്‍ ജനറല്‍ സര്‍ജറിയിലെ ചില ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിവച്ചതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it