Flash News

ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

കൊച്ചി: കേരളതീരത്ത്  ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തെ ട്രോളിങ് നിരോധനം നിലവില്‍ വരുകയാണ്. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂണ്‍ 9ന് മുമ്പായി തീരം വിട്ട് പോവേണ്ടതാണെന്ന് ട്രോളിങ്  നിരോധനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ഡെപ്യൂട്ടി കലക്ടര്‍ എം പി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ കൈക്കൊണ്ട നടപടി ക്രമങ്ങള്‍  വിലയിരുത്തി. മധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ രമാ ദേവിയുടെ സാന്നിധ്യത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് നടപടിക്രമങ്ങള്‍ വിശദീകരിച്ചു. ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍ കൂടാതെ തീരപ്രദേശത്തെ മറ്റു ഡീസല്‍ ബങ്കുകള്‍ എന്നിവ ട്രോളിങ് നിരോധന കാലയളവില്‍ അടച്ചിടണം. ചെറു മല്‍സ്യങ്ങളെ പിടിക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ട്രോളിങ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍, പീലിങ്  ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍ കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും.
അപേക്ഷകള്‍ക്കായി മല്‍സ്യത്തൊഴിലാളികള്‍ അതത് മല്‍സ്യഭവന്‍ ഓഫിസുകളുമായി ബന്ധപ്പെടണം. ഈ കാലയളവില്‍ കടലില്‍ പോവുന്ന യന്ത്രവല്‍കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് മല്‍സ്യബന്ധനത്തിന് അനുമതിയുണ്ട്. അങ്ങനെ പോവുന്ന ഒരു ഇന്‍ബോര്‍ഡ് വള്ളത്തിനോടൊപ്പം  ഒരു ക്യാരിയര്‍ വള്ളം മാത്രമേ അനുവദിക്കുകയുളളൂ. കൂടാതെ ക്യാരിയര്‍ വള്ളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതത് ഫിഷറീസ് ഓഫിസുകളില്‍ യാന ഉടമകള്‍ റിപോര്‍ട്ട് ചെയ്യണം. കടലിലുണ്ടാവുന്ന അപകടങ്ങള്‍ നേരിടാന്‍ മൂന്ന് പട്രോളിങ് ബോട്ടുകളും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ടെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കടല്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായിവരുന്ന അവസരങ്ങളില്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം-04842502768  949600 7037  9496007029മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്-9496007048കോസ്റ്റല്‍ പോലിസ് സ്റ്റേഷന്‍ അഴീക്കോട്-04802815100 ഫോര്‍ട്ട് കൊച്ചി-04842215006, 1093 കോസ്റ്റ് ഗാര്‍ഡ്    -04842218969, 1554 (ടോള്‍ ഫ്രീ)നേവി-04842872354, 2872353
Next Story

RELATED STORIES

Share it