palakkad local

ജൂണ്‍ 5 : പരിസ്ഥിതി ദിനം ഭാരതപ്പുഴ ദിനമായി ആചരിക്കും



പാലക്കാട് :പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച്  ജില്ലയില്‍’ഭാരതപ്പുഴ ദിനമായി ആചരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി പറഞ്ഞു. ജില്ലാ പഞ്ചായത്തും ജില്ലയിലെ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് നടപ്പാക്കുന്ന ‘ഭാരതപ്പുഴ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ജില്ലയില്‍ ‘ഭാരതപ്പുഴ ദിനം ആചരിക്കുന്നത്. 2022 ആവുമ്പോഴേക്കും പുഴയെ പുനരുജീവിപ്പിക്കാനുള്ള സമഗ്ര പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകള്‍ക്കുമായി 25 ലക്ഷം രൂപ നല്‍കി കഴിഞ്ഞു. ജില്ലയിലെ മുഖ്യ ജലസ്രോതസ്സായ ‘ഭാരതപ്പുഴയെ പുനര്‍ജീവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിയുമായി കൈകോര്‍ക്കും. ജില്ലയിലെ ഹരിതകേരളം പദ്ധതി ‘ഭാരതപ്പുഴ സംരക്ഷണ പരിപാടിയാക്കി മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള 15 പേരടങ്ങുന്ന കോര്‍ കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പുഴയിലെ ജലസമൃദ്ധി വേനലിലും ഉറപ്പാക്കുക, കടലിലേക്കുള്ള നീരൊഴുക്ക് കുറക്കുക, പുഴ കൈയ്യേറ്റം ഒഴിപ്പിക്കുക, പുഴയോരത്തെ കൃഷി സംരക്ഷിക്കുക, വനവത്കരണം പ്രോല്‍സാഹിപ്പിക്കുക, ഭാരതപ്പുഴയുടെ കൈവഴികളായ ചിറ്റൂര്‍, ഗായത്രി, തൂത പുഴകളെ സംരക്ഷിക്കുക, പുഴയിലേക്കുള്ള നീരൊഴുക്ക് ഓരോ വീടുകളുടേയും ഇറയത്തുനിന്നാണെന്ന് തിരച്ചറിഞ്ഞുള്ള ശാസ്ത്രീയ ജല സംഭരണം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള സമഗ്ര പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. ‘ഭാരതപ്പുഴയെപ്പറ്റി മുമ്പ് നടത്തിയിട്ടുള്ള ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ഏകോപിപ്പിച്ചായിരിക്കും പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക. ആദ്യഘട്ടമായി തദ്ദേശീയരായ ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ രൂപവല്‍കരിക്കും. പുഴ ഒഴുകുന്ന തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ജനപ്രതിനിധികളുടേയും വിവിധ വകുപ്പുകളുടേയും സഹകരണം ഉറപ്പാക്കും. ഇതോടനുനബന്ധിച്ച് വമ്പിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. പരിപാടിയുടെ ‘ഭാഗമായി ജൂണ്‍ രണ്ട് രാവിലെ 10.30ന്  ഭാരതപ്പുഴ നദീതട പരിപാലന പദ്ധതിയെന്ന വിഷയത്തില്‍ ശില്‍പശാല നടത്തും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനുതന്നെ അഭിമാനിക്കാവുന്ന ഹരിത കേരളം പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കുന്നതെന്നും മരിക്കുന്ന പുഴയെ ജീവിപ്പിച്ച് അടുത്ത തലമുറക്ക് കൈമാറാന്‍ രാഷ്ട്രീയ പ്രാദേശിക ഭേദമന്യേ എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പറഞ്ഞു.
Next Story

RELATED STORIES

Share it