malappuram local

ജൂണ്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

മലപ്പുറം: സംസ്ഥാനത്ത് ജൂണ്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലമ്പൂരില്‍ കാണാതായ ആളെ കണ്ടെത്താന്‍ നാവികസേനയുടെ സഹായം തേടും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും മുന്നറിയിപ്പ് നല്‍കി. വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്.  ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും തോടുകളിലും ഇറങ്ങരുത്. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അടിയന്തര സഹായത്തിനായി ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ നമ്പറില്‍ വിളിക്കാം (1077). വരുന്ന അവധി ദിവസങ്ങളില്‍ താലൂക്ക് ഓഫിസുകളും വില്ലേജ് ഓഫിസുകളും പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവയുടെ സാധ്യതയുള്ള പ്രദേശങ്ങളില്‍ അനൗണ്‍സ്‌മെന്റ് വഴി ബോധവല്‍കരണം നടത്തും. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര യാത്ര പരമാവധി ഒഴിവാക്കണമെന്നും രാത്രി 7 മുതല്‍ രാവിലെ 7  വരെ മലയോര യാത്ര പൂര്‍ണമായി നിയന്ത്രിക്കണമെന്നും നിര്‍ദേശമുണ്ട്. താലൂക്ക് കണ്‍ട്രാള്‍ റൂം നമ്പറുകള്‍: പൊന്നാനി- 0494 2666038, തിരൂര്‍-04942422238, തിരൂരങ്ങാടി- 04942461055, ഏറനാട്- 04832766121, പെരിന്തല്‍മണ്ണ- 04933227230, നിലമ്പൂര്‍- 04931221471, കൊണ്ടോട്ടി-04832713311. കൂടാതെ ജില്ലാ ദുരിതാശ്വാസ വകുപ്പിന്റെ 04832736320, 04832736326 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
Next Story

RELATED STORIES

Share it