Flash News

ജുമുഅ പ്രാര്‍ഥനയ്‌ക്കെത്തിയ മുസ്‌ലിംകള്‍ക്ക് നേരെ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം

ഗുഡ്ഗാവ്: വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനെത്തിയ മുസ്‌ലിംകള്‍ക്കു നേരെ വീണ്ടും ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം. ഹരിയാനയിലെ ഗുഡ്ഗാവിലാണ് ഇന്നലെ ഹിന്ദുത്വര്‍ മുസ്‌ലിംകള്‍ക്കു നേരെ ആക്രമണം നടത്തിയത്. ഗുഡ്ഗാവ് സെക്ടര്‍ 53ല്‍ കഴിഞ്ഞമാസം 20നും ജുമുഅ നമസ്‌കാരത്തിനു നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവങ്ങള്‍. രണ്ട് ഗ്രാമങ്ങളിലായി തുറസ്സായ സ്ഥലങ്ങളില്‍ നമസ്‌കാരത്തിനെത്തിയവര്‍ക്കു നേരെയാണ് ബജ്‌രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, ശിവസേന, ഹിന്ദു ജാഗരണ്‍ മഞ്ച്, അഖില്‍ ഭാരതീയ ഹിന്ദു ക്രാന്തി ദള്‍ തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയായ സന്‍യുക്ത് ഹിന്ദു സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്.
അതുല്‍ കത്താരിയ ചൗക്ക്, സിക്കന്തര്‍പുര്‍, സൈബര്‍ പാര്‍ക്ക്, മെഹ്‌റോളി- ഗുഡ്ഗാവ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ആക്രമണം നടന്നത്. മെട്രോ സ്‌റ്റേഷനു സമീപം ജുമുഅ നമസ്‌കാരത്തിന് തയ്യാറെടുക്കുകയായിരുന്നവരെ വിവിധ വാഹനങ്ങളിലെത്തിയ ഹിന്ദുത്വര്‍ തടയുകയായിരുന്നുവെന്നു സിക്കന്തര്‍പുര്‍ സ്വദേശിയും ഡോക്യുമെന്ററി ഫിലിം നിര്‍മാതാവുമായ രാഹുല്‍ റോയ് പറഞ്ഞു. സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. എന്നാല്‍, നമസ്‌കാരം തടഞ്ഞെന്ന തരത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കേസെടുക്കാനാവില്ലെന്നുമായിരുന്നു പോലിസ് നിലപാട്.
വിഷയത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഗുഡ്ഗാവ് ഡിവിഷനല്‍ കമ്മീഷണര്‍ വിനയ് പ്രതാപ് സിങ് പ്രതികരിക്കാനേ തയ്യാറായില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു. ഗുഡ്ഗാവ് സെക്ടര്‍ 53ല്‍ ഏപ്രില്‍ 20ന് ജുമുഅ നമസ്‌കാരം തടഞ്ഞ സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. പിന്നീട് കനത്ത പോലിസ് കാവലിലാണ് 27ന് അവിടെ നമസ്‌കാരം നടന്നത്.
എന്നാല്‍, ഹിന്ദുത്വര്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് മുസ്‌ലിംകള്‍ ഇന്നലെ ഇവിടുത്തെ നമസ്‌കാരം ഒഴിവാക്കുകയും മറ്റിടങ്ങളില്‍ പ്രാര്‍ഥനയ്ക്ക് സൗകര്യമൊരുക്കുകയുമായിരുന്നു. എന്നാല്‍, ഈ പുതിയ 10 സ്ഥലങ്ങളിലും സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടു. ഗുഡ്ഗാവ് സെക്ടര്‍ 53ലേത് ടെസ്റ്റ്‌ഡോസാണെന്നും തുറസ്സായ സ്ഥലങ്ങളിലെവിടെയും പ്രാര്‍ഥന അനുവദിക്കില്ലെന്നുമായിരുന്നു ബജ്‌രംഗ്ദള്‍ ജില്ലാ പ്രസിഡന്റ് അഭിഷേക് ഗൗറിന്റെ പ്രതികരണം.
പൊതു സ്ഥലങ്ങള്‍ തട്ടിയെടുക്കാനാണ് മുസ്‌ലിംകളുടെ ശ്രമമെന്നും സംഘപരിവാരം ആരോപിക്കുന്നു. ഇതിനെതിരേ സന്‍യുക്ത് ഹിന്ദു സംഘര്‍ഷ് സമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. അതേസമയം, ഹിന്ദുത്വ സംഘടനകള്‍ക്കെതിരേ നടപടി എടുക്കണമെന്നും മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനാ സൗകര്യമൊരുക്കണമെന്നുമാവശ്യപ്പെട്ട് മേഖലയിലെ 130 കുടുംബങ്ങള്‍ ഗുഡ്ഗാവ് ഡിവിഷനല്‍ കമ്മീഷണര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it