ജുബൈല്‍ തീപ്പിടിത്തം: സഹായം ഉറപ്പാക്കുമെന്ന് കമ്പനി

നാസര്‍ പെരുമ്പാവൂര്‍

ജുബൈല്‍: യുനൈറ്റഡ് പെട്രോ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തികസഹായം ഉറപ്പാക്കുമെന്ന് പ്ലാന്റെക് അറേബ്യ കെമിക്കല്‍ കമ്പനി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ മാത്രമാണ് തങ്ങളുടെ ഔദ്യോഗിക തൊഴിലാളികളെന്നും ശേഷിക്കുന്നവര്‍ മാന്‍പവര്‍ കമ്പനിക്കു കീഴിലുള്ളവരാണെന്നും വ്യക്തമാക്കി.
എങ്കിലും പ്രാഥമിക സഹായമെന്നോണം 5,000 റിയാലും ഏപ്രിലിലെ ശമ്പളവും നല്‍കും. സൗദി സാമൂഹിക ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്നുള്ള സാമ്പത്തികസഹായവും ലഭിക്കും. അതേസമയം, പ്ലാന്റെക് കമ്പനി ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് കമ്പനി വക പ്രത്യേക ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുമെന്ന് മാനേജര്‍ ആല്‍വിന്‍ ഡിസൂസ അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടു മലയാളികളും അഞ്ചു കര്‍ണാടക സ്വദേശികളും ഉള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാരും മൂന്നു ഫിലിപ്പീന്‍സ് പൗരന്മാരുമാണു മരിച്ചത്.
തൊടുപുഴ സ്വദേശി ബെന്നി വര്‍ഗീസ് (42), തൃശൂര്‍ കുറ്റഞ്ചേരി മുരിങ്ങാത്തേരി ലിജോണ്‍ (36) എന്നിവരാണ് മരണപ്പെട്ട മലയാളികള്‍. കര്‍ണാടക മംഗലാപുരം സ്വദേശികളായ കൊഞ്ചാര്‍ ഭാസ്‌കര പൂജാരി (46), വിന്‍സന്റ് ലോറന്‍സ് (36), മുഹമ്മദ് അഷ്‌റഫ് അബ്ദുല്‍ ഖാദര്‍ ഹലയങ്ങാടി (31), ബാലകൃഷ്ണ പൂജാരി (47), അടിയാര്‍ സ്വദേശി വിന്‍സന്റ് ലോറന്‍സ് (36), ഉത്തര്‍പ്രദേശ് ലഖ്‌നോ സ്വദേശികളായ മുഹമ്മദ് ഇബ്രാഹീം ഇസ്മായില്‍ (29), അശീഷ്‌കുമാര്‍ സിങ് എന്നിവരാണു മരിച്ച മറ്റ് ഇന്ത്യക്കാര്‍. 17 പേര്‍ക്ക് പരിക്കേറ്റെങ്കിലും ഇപ്പോള്‍ അത്യാഹിതവിഭാഗത്തില്‍ നാലുപേര്‍ മാത്രമാണുള്ളത്.
Next Story

RELATED STORIES

Share it