Flash News

ജുനൈദ് വധക്കേസില്‍ പ്രതികളെ സഹായിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ രാജിവച്ചു



ന്യൂഡല്‍ഹി: തീവണ്ടി യാത്രയ്ക്കിടെ സംഘപരിവാര പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ 16 കാരനായ ജുനൈദ് ഖാന്‍ വധ ക്കേസില്‍ പ്രതികളെ സഹായിച്ച ഹരിയാനാ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗഷിക് രാജി വച്ചു. രാജിക്കത്ത് ഹരിയാന അഡീഷനല്‍ ചീഫ് സെക്രട്ടറി  എസ് എസ് പ്രസാദിനു കൈമാറിയതായി സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ ബല്‍ദേവ് രാജ് മഹാജന്‍ അറിയിച്ചു. രാജി ലഭിച്ചതായി ചീഫ്‌സെക്രട്ടറിയുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ നരേഷ് കുമാറിന്റെ അഭിഭാഷകനെ സാക്ഷിവിസ്താരത്തിനിടെ നവീന്‍ കൗഷിക് സഹായിച്ചതിനാല്‍ അദ്ദേഹത്തെ പുറത്താക്കണമെന്നു വിചാരണ നടക്കുന്ന ഫരീദാബാദ് ജില്ലാ കോടതി ജഡ്ജി വൈ എസ് റാത്തോഡ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു നവീന്‍ കൗഷിക്കിനോട് രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണു റിപോര്‍ട്ട്.  കഴിഞ്ഞ 23, 24 ദിവസങ്ങളില്‍ നടന്ന സാക്ഷിവിസ്താരത്തിനിടെ സാക്ഷികളോട് ചോദിക്കേണ്ട വിഷയങ്ങള്‍ പ്രതിഭാഗം അഭിഭാഷകന് നവീന്‍ കൗഷിക് പറഞ്ഞുകൊടുത്തുവെന്നു കോടതി രേഖകളിലുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഔദ്യോഗിക നിയമോപദേശകനും വിവിധ കേസുകളില്‍ കോടതിയില്‍ ഹാജരാവേണ്ട ആളുമാണ് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍. ഇത്തരമൊരു ഉദ്യോഗസ്ഥനായ കൗഷിക് ചെയ്തത് തൊഴില്‍പരമായ നീതികേടും നിയമ ധാര്‍മികതയ്ക്കു നിരാക്കാത്തതുമാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക നിയമ ഉദ്യോഗസ്ഥനില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പ്രവൃത്തിയാണു കൗഷിക്കില്‍ നിന്ന് ഉണ്ടായതെന്നും അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടു
Next Story

RELATED STORIES

Share it