Flash News

ജുനൈദിന്റെ കൊലപാതകം : ഞെട്ടല്‍ മാറാതെ ഖണ്ഡൗലി ഗ്രാമം



ന്യൂഡല്‍ഹി: ജുനൈദിന്റെ മരണമുണ്ടാക്കിയ ഞെട്ടല്‍ മാറാതെ ഹരിയാന ബല്ലബ്ഗഡിലെ ഖണ്ഡൗലി ഗ്രാമം. ജുനൈദ് കൊല്ലപ്പെട്ട് ഒരാഴ്ചയോളമായിട്ടും വീട്ടിലേക്കുള്ള ജനപ്രവാഹം നിലച്ചിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മതസംഘടനാ നേതാക്കള്‍ക്കും പുറമേ സമീപ ഗ്രാമങ്ങളില്‍ നിന്നും മറ്റുമായി ജാതി-മതഭേദമില്ലാതെ നിരവധി പേര്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനെത്തുന്നു. ടാക്‌സി ഡ്രൈവറായ ജലാലുദ്ദീന്റെ ഏഴു മക്കളില്‍ അഞ്ചാമനായിരുന്നു ജുനൈദ്. ഖുര്‍ആന്‍ മനഃപാഠമാക്കിയ ജുനൈദിനെ ഗ്രാമത്തില്‍ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. റമദാനില്‍ ഗ്രാമീണര്‍ പള്ളിയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയത് ചൊല്ലുന്ന മല്‍സരം നടത്തി. ജുനൈദും സുഹൃത്ത് ഖുര്‍ഷിദുമായിരുന്നു വിജയികള്‍. ഇതിനു സമ്മാനമായി കിട്ടിയ പണവുമായാണ് ജുനൈദ് ഡല്‍ഹി സദര്‍ ബസാറിലേക്ക് പെരുന്നാള്‍ വസ്ത്രം വാങ്ങാന്‍ പുറപ്പെട്ടത്. 800ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഖണ്ഡൗലിയില്‍ നിരവധി ദലിത് കുടുംബങ്ങളുമുണ്ട്. അവരുമായും അയല്‍ ഗ്രാമങ്ങളിലെ ഹിന്ദുക്കളുമായുമെല്ലാം ഊഷ്മള ബന്ധമായിരുന്നു ഖണ്ഡൗലിക്കാര്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ജുനൈദിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. അവരെല്ലാം ഇപ്പോഴും ആശ്വാസവാക്കുകളുമായി വീട്ടില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്ന് ജുനൈദിന്റെ സഹോദരന്‍ ഹാഷിം പറയുന്നു. വൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കള്‍ വന്നു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹുഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും എത്തി. ഇതു കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ വീട് സന്ദര്‍ശിക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തുമായി നാലു പേര്‍ ഫരീദാബാദ് സ്വദേശികളായ മന്ത്രിമാരുണ്ട്. ഇവരിലൊരാള്‍ പോലും ഇതുവരെ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് അയല്‍വാസി ബഷീറുദ്ദീന്‍ പറയുന്നു. ഖുര്‍ആന്‍ ഓതിയുണ്ടാക്കിയ പണത്തിനു പുറമേ ഉമ്മ സൈറയോടും അല്‍പം പണം വാങ്ങിയാണ് ജുനൈദ് ഡല്‍ഹിയിലേക്കു പോയത്. അന്നേ ദിവസം അത്താഴം കഴിച്ചയുടനെയാണ് ജുനൈദ് സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം ഡല്‍ഹിയിലേക്കു പോയത്. നോമ്പു തുറക്കാന്‍ അവരെ കാത്തിരുന്ന കുടുംബത്തിലേക്ക് എത്തുന്നത് ജുനൈദിന്റെ മരണവാര്‍ത്തയാണ്. പുലര്‍ച്ചെ ജുനൈദ് പുറപ്പെടുന്നതു കണ്ടതാണ് ജീവനോടെയുള്ള അവസാന കാഴ്ചയെന്ന് സൈറ പറയുന്നു. ബന്ധുക്കളിലൊരാളാണ് ജുനൈദ് മരിച്ച വിവരം വീട്ടില്‍ വിളിച്ചുപറയുന്നത്. ഹൃദ്രോഗിയായ ജലാലുദ്ദീനില്‍ നിന്നു കുറേ സമയത്തേക്ക് വീട്ടുകാര്‍ അത് മറച്ചുവച്ചു. ജുനൈദ് എന്തോ വഴക്കില്‍പ്പെട്ടു എന്നു മാത്രമാണ് പറഞ്ഞിരുന്നത്. ജുനൈദിന്റെ മൂത്ത സഹോദരന്‍ ഇസ്മായീലും പരിക്കേറ്റ സാക്കിറും ടാക്‌സി ഡ്രൈവര്‍മാരാണ്.ഹാഷിമും മറ്റൊരു സഹോദരനായ മുഹ്‌സിനും ഇളയ സഹോദരന്‍മാരായ ആദിലും അഫ്‌സലും വിദ്യാര്‍ഥികളാണ്.
Next Story

RELATED STORIES

Share it