Flash News

ജുഡീഷ്യല്‍ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തണം: കാംപസ് ഫ്രണ്ട്

ന്യൂഡല്‍ഹി: രാജ്യത്തെ നിയമവ്യവസ്ഥയുടെ വിശ്വാസ്യത ഭീഷണി നേരിടുകയാണെന്ന സുപ്രിംകോടതി ജഡ്ജിമാരുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്നു കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നു സിഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി വി ശുഐബ് വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിന്റെ പശ്ചാത്തലത്തിലാണ് ജഡ്ജിമാര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരമൊരു കേസ് ജൂനിയര്‍ ജഡ്ജിയുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നത് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിലെ ഉന്നത വ്യക്തികള്‍ പങ്കാളികളായ കേസില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എടുത്ത നിസ്സംഗ നിലപാട്  ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. ജനാധിപത്യത്തെ വിശ്വാസത്തിലെടുക്കാത്ത ഫാഷിസ്റ്റ് ഭരണകൂടം അവരുടെ നിക്ഷിപ്ത താല്‍പര്യത്തിനു വേണ്ടി ജുഡീഷ്യറിയെ അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.
ബിജെപി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ എംഎല്‍എമാരെ വിലയ്ക്കു വാങ്ങിയതും രാജ്യം കണ്ടതാണ്. ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും വിവിധ കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ജുഡീഷ്യറി  പ്രതീക്ഷയുടെ അവസാന ആശ്രയമാണ്. അതിനാല്‍, ജഡ്ജിമാര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വിധേയമാക്കണമെന്നു ശുഐബ് ആവശ്യപ്പെട്ടു. ജനാധിപത്യ വ്യവസ്ഥിതിയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളും ജുഡീഷ്യല്‍ സംവിധാനത്തില്‍ കൂടുതല്‍ സുതാര്യതയും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it