ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ വിധി

അഡ്വ. ബേസില്‍ അട്ടിപ്പേറ്റി

കേവലം അഞ്ചു വര്‍ഷത്തേക്കു മാത്രം അധികാരം വിനിയോഗിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പാര്‍ലമെന്റിന് ഇന്ത്യന്‍ ഭരണഘടനയിലൂടെ കഴിഞ്ഞ 60 വര്‍ഷമായി ജനങ്ങള്‍ നേടിയിട്ടുള്ളതും സ്ഥാപിക്കപ്പെട്ടതുമായ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ മാറ്റിമറിക്കാനും ഇല്ലാതാക്കാനും അധികാരമുണ്ടോ എന്നുള്ള കാലികവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ചോദ്യത്തിനുള്ള മറുപടിയാണ്, സുപ്രിംകോടതിയുടെ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ആക്ട് 2015 റദ്ദാക്കിക്കൊണ്ടുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി.
കേരളത്തില്‍ നിന്നുതന്നെയുള്ള കേശവാനന്ദ ഭാരതി കേസില്‍ സുപ്രിംകോടതി 1973ല്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ മാറ്റിമറിക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന പരമപ്രധാനമായ വിധി നല്‍കുകയുണ്ടായി. പാര്‍ലമെന്റ് ഭരണഘടനാസ്ഥാപനമായതിനാല്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടു മാത്രമേ പാര്‍ലമെന്റിനു പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ എന്നും ഭരണഘടനയാണ് പരമം എന്നും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം പാര്‍ലമെന്റിനു പോലും സാധ്യമല്ലെന്നും വിധി പറയുന്നു. പാര്‍ലമെന്റ് നിര്‍മിക്കുന്ന നിയമങ്ങള്‍ വ്യാഖ്യാനിക്കാനും അതിന്റെ ഭരണഘടനാസാധുത പരിശോധിക്കാനും ഭരണഘടന സുപ്രിംകോടതിയെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്. ഭരണഘടന ആര്‍ട്ടിക്കിള്‍ 141 പ്രകാരം ഈ അധികാരം സുപ്രിംകോടതിയില്‍ നിക്ഷിപ്തമാണ്. മാത്രവുമല്ല, ഭരണഘടന ആര്‍ട്ടിക്കിള്‍ 144 പ്രകാരം സുപ്രിംകോടതിയുടെ വിധികള്‍ നടപ്പാക്കുന്നതിലേക്കായി പാര്‍ലമെന്റ് ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ അധികാരസ്ഥാപനങ്ങളും സുപ്രിംകോടതിയെ സഹായിക്കാന്‍ ബാധ്യസ്ഥവുമാണ്.
എന്‍ജെസി ആക്ട് 2013 ലോക്‌സഭയില്‍ അവതരിപ്പിക്കുകയും വെറും 10 മിനിറ്റു കൊണ്ട് ലോക്‌സഭ പിരിയുന്ന ദിവസം ധൃതിയില്‍ പാസാക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. പിന്നീട് നിയമം രാജ്യസഭയില്‍ എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കി. 1993ലെ രണ്ടാം ജഡ്ജസ് കേസിനു ശേഷം സുപ്രിംകോടതി 1998ല്‍ ഒമ്പതു ജഡ്ജിമാരുടെ ബെഞ്ച് പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ള മറുപടിയിലും, ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയം സമ്പ്രദായമാണ് നിലവിലുള്ള അംഗീകൃത രീതി എന്നും വ്യക്തമാക്കി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു വിപരീതമായാണ് പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടുള്ളത്.
1973 ഏപ്രില്‍ 24നു കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ എന്തെല്ലാമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തെ വ്യാഖ്യാനിക്കാനും ഭരണഘടനാവിരുദ്ധമെങ്കില്‍ അവ റദ്ദുചെയ്യാനുമുള്ള സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടെയും അധികാരം, സര്‍വസ്വതന്ത്രമായ നീതി സംവിധാനം, ഇന്ത്യയുടെ മതേതരത്വം, എല്ലാ മതങ്ങള്‍ക്കും തുല്യമായ സംരക്ഷണം, ജനാധിപത്യ രീതിയില്‍ പ്രായപൂര്‍ത്തി വോട്ടവകാശം, തുല്യനീതി, ഏതു മതത്തില്‍ വിശ്വസിക്കാനും തന്റെ മനസ്സാക്ഷി അനുസരിച്ച് മതാചാരങ്ങള്‍ അനുഷ്ഠിക്കാനുമുള്ള അവകാശം, മൗലികാവകാശങ്ങള്‍, മൗലികാവകാശലംഘനമുണ്ടായാല്‍ കോടതികളെ സമീപിക്കാനുള്ള അവകാശം, വ്യക്തിയല്ല നിയമമാണ് വലുതെന്നത് അടിസ്ഥാനമാക്കിയ നിയമവാഴ്ച, ജാതി, മതം, ജനനസ്ഥലം, ലിംഗം എന്നിവ പരിഗണിക്കാതെയുള്ള തുല്യാവകാശം എന്നിങ്ങനെ ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഈ അടിസ്ഥാന തത്ത്വങ്ങള്‍ ഒരുകാലത്തും പാര്‍ലമെന്റിന് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. സുപ്രിംകോടതിയും ഹൈക്കോടതികളും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുടെ കാവലാളുകളാണ്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് 1975 മുതല്‍ 1977 വരെ അടിയന്തരാവസ്ഥ നിലവിലുണ്ടായിരുന്നു. ഈ അടിയന്തരാവസ്ഥാ കാലയളവില്‍ പൗരാവകാശങ്ങളും ജനങ്ങളുടെ മൗലികാവകാശങ്ങളും മരവിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍, കേശവാനന്ദഭാരതി കേസിലൂടെ സ്ഥാപിക്കപ്പെട്ട ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ പ്രഖ്യാപിച്ച 1973ലെ സുപ്രിംകോടതി വിധി പുനപ്പരിശോധിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി ഫയല്‍ ചെയ്തിരുന്ന സമയത്ത് അഡ്വ. നാനി എ പാല്‍ക്കിവാല ധീരമായ ഒരു കത്ത് അന്നത്തെ പ്രധാനമന്ത്രിക്ക് എഴുതിയത്, ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഇന്നും നിലനില്‍ക്കാന്‍ കാരണമായി. പാല്‍ക്കിവാലയുടെ ധീരവും സമയോചിതവുമായ കത്താണ് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ പിന്നീട് ഇന്ത്യയില്‍ സ്ഥിരമായി സംരക്ഷിക്കപ്പെടുന്നതിനു കാരണമായത്. കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇപ്രകാരമായിരുന്നു:
''പ്രിയപ്പെട്ട ഇന്ദിരാജി,
കുറച്ചു നാളുകളായി ഒരു കാര്യത്തെപ്പറ്റി താങ്കള്‍ക്ക് എഴുതണമെന്നു വിചാരിക്കുകയായിരുന്നു. സുപ്രിംകോടതിയില്‍ വീണ്ടും കേശവാനന്ദ ഭാരതി കേസ് പുനപ്പരിശോധിക്കാന്‍ ഗവണ്‍മെന്റ് ഹരജി കൊടുത്തതിനെ സംബന്ധിച്ചാണ് അത്. കേശവാനന്ദ ഭാരതി കേസ് പാര്‍ലമെന്റിനു ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള അധികാരം സുപ്രിംകോടതി വിധിച്ചത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം നശിപ്പിക്കാനോ മാറ്റിമറിക്കാനോ കഴിയില്ല എന്നാണല്ലോ.
സര്‍ക്കാര്‍ കേശവാനന്ദ ഭാരതി കേസ് മറികടക്കാനുള്ള ശ്രമത്തിലാണ്. ഭരണഘടന ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാരിന് അനിയന്ത്രിതമായ അധികാരങ്ങളാണ് ലഭിക്കുന്നതെങ്കില്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളായ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്രമായ ജനാധിപത്യവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇല്ലാതാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. താങ്കള്‍ക്കു ശേഷം രാജ്യത്തെ ആര്‍ക്കാണ് ഐക്യത്തോടെ കൊണ്ടുപോകാന്‍ കഴിയുന്നത്? അനഭിലഷണീയമായ രീതിയില്‍ ഭരണഘടനയുടെ മേധാവിത്വത്തിനു മീതെ പാര്‍ലമെന്റിന്റെ അധികാരം സ്ഥാപിച്ചാല്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഐക്യവും എത്ര നാള്‍ നിലനില്‍ക്കും?
ന്യൂനപക്ഷ വിഭാഗങ്ങളുടെ യഥാര്‍ഥ സംരക്ഷകര്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളാണ്. അവരുടെ ഭയത്തിനു കാരണം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ തന്നെ മാറ്റിമറിക്കപ്പെടുന്നതാണ്. പാര്‍ലമെന്റിന്റെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അമിതമായ അധികാരം, നിയമവാഴ്ച ഇല്ലാതാക്കാന്‍ സാധ്യതയുണ്ട്. മറ്റെന്തിനേക്കാളും രാജ്യത്തിന് ഇപ്പോള്‍ ആവശ്യം മുറിവുകള്‍ ഉണക്കുകയും സുസ്ഥിരമായ ഭരണവുമാണ്. ഭരണഘടനാ അവകാശങ്ങള്‍ ഇല്ലാതാക്കുകയാവും ഇതിന്റെ പരിണിതഫലം.
ഇന്ദിരാജി, ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നു. കേശവാനന്ദ ഭാരതി കേസിലെ സുപ്രിംകോടതി വിധി മാറ്റിമറിച്ചാല്‍ ഉണ്ടാകുന്ന വരുംവരായ്കകളെപ്പറ്റി താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ? നാം ചരിത്രപ്രധാനമായ ഒരു നിമിഷത്തില്‍ എത്തിനില്‍ക്കുകയാണ്. രണ്ട് റോഡുകള്‍ വഴിപിരിയുന്നു. കേശവാനന്ദ ഭാരതി കേസിന്റെ വിധി പുനപ്പരിശോധിക്കാനുള്ള താങ്കളുടെ തീരുമാനം ഈ അവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.''
സുപ്രിംകോടതിയുടെ പുതിയ വിധി വാസ്തവത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയവും ഇന്ത്യന്‍ ഭരണഘടനയുടെ പരമാധികാരവും വിശേഷാല്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശ സംരക്ഷണവുമായി അംഗീകരിക്കേണ്ടതുണ്ട്. അഞ്ചു വര്‍ഷക്കാലത്തേക്കു മാത്രം മാന്‍ഡേറ്റ് ലഭിച്ചിട്ടുള്ള പാര്‍ലമെന്റിന് ഭരണഘടനാപരമായ സ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. നിയമമുണ്ടാക്കിയാല്‍ അതിന്റെ ഭരണഘടനാ സാധുത പരിശോധിക്കാനും നിയമം ഭരണഘടനാവിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഇല്ലാതാക്കുന്നതുമാണെങ്കില്‍ അവ റദ്ദുചെയ്യാനുള്ള സുപ്രിംകോടതിയുടെ അധികാരം വീണ്ടും അഭംഗുരം പ്രയോഗിച്ചുകൊണ്ടേയിരിക്കും. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയും അതുല്യതയും.
സുപ്രിംകോടതിയുടെ വിധി 1042 പേജ് അടങ്ങിയതാണ്. എന്‍ജെസി നിയമത്തില്‍ രണ്ടു വിദഗ്ധ മെംബര്‍മാരെ എന്‍ജെസി പാനലില്‍ ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥ ജുഡീഷ്യറിക്കുള്ള സ്ഥാനം ഇല്ലാതാക്കുന്ന ഒന്നാണെന്നും ആയതിനാല്‍ സെക്ഷന്‍ 5 (2) ഭരണഘടനാവിരുദ്ധമാണെന്നും വിധിയില്‍ പറയുന്നു. രണ്ടു വിദഗ്ധ മെംബര്‍മാര്‍ ആരായിരിക്കണമെന്നും അവരുടെ യോഗ്യതകള്‍ എന്താണെന്നും നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്നില്ല. അത് ആരുമാകാം. ഈ വ്യവസ്ഥ ജുഡീഷ്യറിയുടെ സര്‍വസ്വാതന്ത്ര്യം ഹനിക്കുന്ന ഒന്നാണെന്നു വിധിയില്‍ പറയുന്നു.
നിയമത്തില്‍ ക്വാറം എത്ര മെംബര്‍മാരാണെന്നു പറയാതിരിക്കുന്നത് ഈ ആക്ടിന്റെ പ്രവര്‍ത്തനത്തെത്തന്നെ ഇല്ലാതാക്കുന്നു. സമിതി മെംബര്‍മാരില്‍ രണ്ടു പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ ജഡ്ജിമാരില്‍ ഒരാളെപ്പോലും നിയമിക്കാതിരിക്കാനും കഴിയും എന്നുള്ളത് നിയമത്തിന്റെ ഒരു ന്യൂനതയാണ്. യോഗ്യനായ ആളെ ജഡ്ജിയായി നിയമിക്കുമെന്നു പറയുന്നതില്‍ പ്രസ്തുത വ്യക്തിയുടെ യോഗ്യത മാനുഷികവും ശാരീരികവും എന്നു നിഷ്‌കര്‍ഷിച്ചിരിക്കുന്നത് നീതീകരിക്കാനാവില്ല എന്നു വിധിയില്‍ പറയുന്നു.
ഈ വിധിയിലൂടെ കൊളിജീയം സമ്പ്രദായം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ എന്‍ജെസി നിയമം ഭരണഘടനാവിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കു വിരുദ്ധവുമാണെന്നു കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വിധി സ്വാഗതാര്‍ഹവും ജനാധിപത്യത്തിന്റെ വിജയവുമാണ്. പാര്‍ലമെന്റ് നിര്‍മിക്കുന്ന ഏതൊരു നിയമവും വ്യാഖ്യാനിക്കാനും ഭരണഘടനാവിരുദ്ധമെങ്കില്‍ റദ്ദുചെയ്യാനുമുള്ള സുപ്രിംകോടതിയുടെ അധികാരം പ്രധാനമാണ്. പൊരുതി നേടിയ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. അത് അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കേണ്ടതുണ്ട്.

(എന്‍ജെസി നിയമം-2014 കേരള
ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത വ്യക്തിയാണ് കേരള ഹൈക്കോടതി
അഭിഭാഷകനായ ലേഖകന്‍.)
Next Story

RELATED STORIES

Share it