Editorial

ജുഡീഷ്യല്‍ കമ്മീഷന്‍: അനുചിതമായ വിധി

സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന സുപ്രിംകോടതി വിധി രാഷ്ട്രീയ-നിയമവൃത്തങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും വഴി തെളിയിച്ചിരിക്കയാണ്. ദീര്‍ഘകാലമായി നടന്നുവന്ന വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് നാഷനല്‍ ജുഡീഷ്യല്‍ അപ്പോയന്റ്‌മെന്റ് കമ്മീഷന് രൂപംകൊടുത്തുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാസായത്. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച നിയമഭേദഗതിക്കുള്ള ചര്‍ച്ചകള്‍ യുപിഎ ഭരണകാലത്തു തന്നെ നടന്നിരുന്നുവെങ്കിലും അത് നടപ്പായത് എന്‍ഡിഎ അധികാരത്തിലേറിയതിനു ശേഷമാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടോളമായി തുടരുന്ന കൊളീജിയം രീതി റദ്ദ് ചെയ്തുകൊണ്ടാണ് പുതിയ ജുഡീഷ്യല്‍ കമ്മീഷന്‍ സംവിധാനം കൊണ്ടുവന്നത്. 1981, 1993, 1994 വര്‍ഷങ്ങളിലായി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ മൂന്നു കേസുകളിലെ സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കൊളീജിയം സമ്പ്രദായം ജഡ്ജിമാരുടെ നിയമനത്തിനുള്ള ഒരു സ്ഥിരം സംവിധാനമായി മാറുന്നത്. ജഡ്ജിമാരുടെ നിയമനം പൂര്‍ണമായും ജഡ്ജിമാര്‍ തന്നെ തീരുമാനിക്കുന്ന ഈ സംവിധാനം നീതിന്യായമേഖലയെ ബാഹ്യ ഇടപെടലുകളില്‍നിന്ന് സുരക്ഷിതമാക്കുമെന്ന ന്യായമാണ് അന്ന് ഉന്നയിക്കപ്പെട്ടത്. ജഡ്ജിമാര്‍ മനുഷ്യരെന്ന നിലയ്ക്കുള്ള എല്ലാതരം കാമ ക്രോധ മോഹാദികളില്‍നിന്ന് മുക്തരായ പുണ്യാത്മാക്കളാണെന്ന മിഥ്യാബോധത്തില്‍നിന്നായിരുന്നു ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ന്നുവന്നത്. പ്രയോഗത്തില്‍ കൊളീജിയം അടഞ്ഞ ഒരു വ്യവസ്ഥയായിരുന്നു. സംവരണ നിയമങ്ങള്‍ പാലിക്കുന്നതിനോ ഒരു ബഹുസ്വര ജനാധിപത്യസമൂഹത്തില്‍ വേണ്ട പ്രാതിനിധ്യം ഉറപ്പാക്കുന്നതിനോ ഉന്നത ന്യായാധിപര്‍ താല്‍പ്പര്യം കാണിച്ചതിനു തെളിവുകളൊന്നുമില്ല. കോടതിയലക്ഷ്യം എന്ന വാള്‍ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്നതിനാല്‍ അതിനെതിരേയുള്ള വിമര്‍ശനങ്ങള്‍ ദുര്‍ബലമായിരുന്നു. ഒരു ജനാധിപത്യവ്യവസ്ഥയില്‍ തീര്‍ത്തും ജനബാഹ്യമായ ഒരധികാരകേന്ദ്രമായി ജുഡീഷ്യറി മാറുന്നത് അനഭിലഷണീയമാണ്. ജഡ്ജിമാരുടെ നിയമനാധികാരങ്ങളില്‍ ജഡ്ജിമാരല്ലാത്തവര്‍ക്കു കൂടി പങ്കാളിത്തം അനുവദിക്കുന്നു എന്നുള്ളതാണ് ജുഡീഷ്യല്‍ കമ്മീഷന്റെ പ്രത്യേകത. സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ചെയര്‍മാനായ ആറംഗ കമ്മീഷനായിരിക്കും ജഡ്ജിമാരുടെ നിയമനത്തില്‍ തീരുമാനമെടുക്കുക. ചീഫ്ജസ്റ്റിസിന്റെ തൊട്ടുതാഴെയുള്ള രണ്ട് സുപ്രിംകോടതി ജഡ്ജിമാര്‍, കേന്ദ്ര നിയമകാര്യമന്ത്രി എന്നിവര്‍ക്ക് പുറമേ, ചീഫ്ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ് എന്നിവര്‍ ചേര്‍ന്നു നിര്‍ദേശിക്കുന്ന രണ്ട് പ്രഗല്ഭ വ്യക്തികളും കമ്മീഷനില്‍ അംഗങ്ങളായിരിക്കും. അതു കുറ്റമറ്റതാക്കേണ്ടതുണ്ട്. പക്ഷേ, ഇത്തരം ഒരു സംവിധാനം നിലവിലുള്ള കൊളീജിയം രീതിയേക്കാള്‍ സുതാര്യവും ജനാധിപത്യസ്വഭാവം പ്രതിഫലിക്കുന്നതുമാണ് എന്നതില്‍ സംശയമില്ല. ഇതുസംബന്ധമായി ഇപ്പോഴുണ്ടായ സുപ്രിംകോടതി വിധി ആ അര്‍ഥത്തില്‍ ജഡ്ജിമാരുടെ നിയമനം സുതാര്യവും നീതിയുക്തവുമാക്കാനുള്ള ശ്രമങ്ങള്‍ക്കു വലിയ തിരിച്ചടിയാണ്.
Next Story

RELATED STORIES

Share it