ജുഡീഷ്യല്‍ ഓഫിസര്‍ നിയമനം: വിധി വൈകുന്നതിനെതിരേ ചീഫ് ജസ്റ്റിസിന് പരാതി

കൊച്ചി: ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ നിയമനം സംബന്ധിച്ച ഹരജിയില്‍ വിധി പറയാത്തതിനെതിരേ ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നല്‍കി. ജുഡീഷ്യല്‍ ഓഫിസര്‍ നിയമനത്തില്‍ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേ ഉത്തരക്കടലാസിലെ മൂല്യനിര്‍ണയത്തി ല്‍ അപാകതയുണ്ടെന്നു പ്രഥമദൃഷ്ട്യാ ബോധ്യമാണെന്നു കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഇത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു. ഹരജിക്കാരായ നിരവധി പേര്‍ അഭിഭാഷകരോട് ഇതുസംബന്ധിച്ചു വിവരങ്ങള്‍ ആരായുന്നു. പൊതുജനങ്ങള്‍ക്കു മുമ്പില്‍ നീതിന്യായ വ്യവസ്ഥിതിയുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കേണ്ട വിഷയമാണിത്. 2014 ഏപ്രില്‍ ഏഴിനാണ് ഡിവിഷന്‍ ബെഞ്ച് ഇതുസംബന്ധിച്ച ഹരജി വിധി പറയാനായി മാറ്റിയത്. ജുഡീഷ്യല്‍ ഓഫിസര്‍മാരായി നിയമനം ലഭിച്ചവര്‍ ഇപ്പോള്‍ പരിശീലനത്തിലാണ്.
ഇവരുടെ പരിശീലനത്തിനു ശേഷം ഹൈക്കോടതി വിധി പറയുന്നത് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും. ഇത് ഒരു സാധാരണ ഹരജിപോലെ പരിഗണിക്കരുതെന്നും അസാധാരണമായ സാഹചര്യമായതിനാല്‍ അസാധാരണമായ പരിഹാരവും ആവശ്യമാണ്. അതിനാല്‍ ഇതുസംബന്ധിച്ച് ഫുള്‍ കോര്‍ട്ട് കൂടി തീരുമാനമെടുക്കണമെന്നും ഉടന്‍ വിധിപ്രസ്താവം നടത്തണമെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എ ജയശങ്കര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it