Flash News

ജുഡീഷ്യറി പ്രതിസന്ധിയില്‍

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിംകോടതിയുടെ പ്രവര്‍ത്തനം അവതാളത്തിലാണെന്നു വ്യക്തമാക്കി സുപ്രിംകോടതിയിലെ മുതിര്‍ന്ന നാലു ജഡ്ജിമാര്‍. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ ജഡ്ജിമാര്‍ പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.10ന് ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ തുഗ്ലക് റോഡിലെ ഔദ്യോഗിക വസതിയിലായിരുന്നു ജഡ്ജിമാര്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. സുപ്രിംകോടതിയുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ചുകാലമായി താളംതെറ്റിയാണ് മുന്നോട്ടു പോവുന്നതെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടുന്നില്ലെന്നും ജഡ്ജിമാര്‍ തുറന്നുപറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ വിരല്‍ചൂണ്ടുന്ന ആരോപണങ്ങളാണു ജഡ്ജിമാര്‍ പങ്കുവച്ചത്. ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസാണ് ജഡ്ജിമാരുടെ പ്രകോപനത്തിന് പ്രധാന കാരണമെന്നാണ് കരുതുന്നത്.
കീഴ്‌വഴക്കമനുസരിച്ചല്ല സുപ്രിംകോടതിയുടെ പ്രവര്‍ത്തനം നടക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനരീതികള്‍ ജനാധിപത്യപരമല്ലെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകുര്‍ എന്നിവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. അതിനിടെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹം സാധാരണ കോടതി നടപടികളില്‍ വ്യാപൃതനായി ഉച്ചകഴിഞ്ഞും സുപ്രിംകോടതിയില്‍ തന്നെ തുടര്‍ന്നു.
വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍, തങ്ങള്‍ ഒന്നും രാഷ്ട്രീയവല്‍ക്കരിക്കാനല്ല വന്നിരിക്കുന്നതെന്നും സുപ്രിംകോടതിയെ രക്ഷിക്കാനാണ് ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നുമായിരുന്നു മറുപടി.
കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്.
തെറ്റുകള്‍ കണ്ടിട്ടും തങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് വിവേകമുള്ളവര്‍ കുറ്റപ്പെടുത്താന്‍ ഇടവരരുത് എന്നതുകെണ്ടാണ് ഈ വെളിപ്പെടുത്തല്‍ എന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. കുറച്ചുകാലമായി സുപ്രിംകോടതി നടപടികള്‍ ക്രമപ്രകാരമല്ല നടക്കുന്നത്. ഒട്ടും സന്തോഷത്തോടെയല്ല മാധ്യമങ്ങള്‍ക്കു മുന്നിലേക്ക് ഇക്കാര്യം പറയാന്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിയോജിപ്പുകള്‍ വിശദീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു മുമ്പ് നല്‍കിയ ഏഴു പേജുള്ള കത്തും ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്കു നല്‍കി. ഈ കത്തിന്‍മേല്‍ വേണ്ട നടപടിയെടുത്തില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്നാല്‍ സമന്‍മാരില്‍ മുമ്പന്‍ മാത്രമാണെന്നും അതില്‍ കൂടുതലോ കുറവോ അധികാരം ഇല്ലെന്നുമാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഒരു പ്രത്യേക വിഷയത്തില്‍ വിയോജിപ്പ് വ്യക്തമാക്കി നാലു ജഡ്ജിമാരും ഒപ്പിട്ട കത്ത് ചീഫ് ജസ്റ്റിസിനു കൊടുത്തിരുന്നു. ഇന്നലെ രാവിലെ ഉള്‍പ്പെടെ നേരിട്ടു കാണുകയും ചെയ്തു. എന്നിട്ടും തങ്ങളുടെ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെടുകയായിരുന്നുവെന്നാണ് ജഡ്ജിമാര്‍ പറഞ്ഞത്. നാലു ജഡ്ജിമാര്‍ക്കും വേണ്ടി എന്നു വ്യക്തമാക്കി ജസ്റ്റിസ് ചെലമേശ്വറാണു മാധ്യമങ്ങളോട് സംസാരിച്ചത്. ഇതിനു പുറമെ, കേസുകള്‍ കൈമാറുന്നതില്‍ ചീഫ് ജസ്റ്റിസ് നടപടിക്രമങ്ങള്‍ പാലിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഓരോ കേസും എങ്ങനെ, ആര്‍ക്കു കൈമാറണമെന്നതു സംബന്ധിച്ച് കൃത്യമായ വ്യവസ്ഥയുണ്ടെന്നും സ്വന്തം താല്‍പര്യം അനുസരിച്ച് കേസുകള്‍ കൈമാറുന്നത് അംഗീകരിക്കാനാവില്ലെന്നും കത്തില്‍ പറയുന്നു.
കോടതിയുടെ നടപടികള്‍ ഏകീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്. എന്നാല്‍, ഇതു പരമാധികാരമല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. നീതിന്യായ ചരിത്രത്തിലെ അസാധാരണ സംഭവം എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ മാധ്യമങ്ങളോടു സംസാരിച്ചുതുടങ്ങിയത്.
Next Story

RELATED STORIES

Share it