kannur local

ജുഡീഷ്യറിയില്‍ ആജ്ഞാനുവര്‍ത്തികളെ കൊണ്ടുവരാന്‍ നീക്കം: അഡ്വക്കറ്റ് ജനറല്‍

കണ്ണൂര്‍: ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ ആജ്ഞാനുവര്‍ത്തികളെ തലപ്പത്ത് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും ഇത് ഭരണഘടനയ്ക്ക് എതിരാണെന്നും മുതിര്‍ന്ന അഭിഭാഷകനും അഡ്വക്കറ്റ് ജനറലുമായ അഡ്വ. സി പി സുധാകര പ്രസാദ്. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍(എഎല്‍യു) സംഘടിപ്പിച്ച സ്വതന്ത്രമായ ജുഡീഷ്യറിയില്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജഡ്ജിമാര്‍ സത്യസന്ധരും സ്വതന്ത്രരും മതേതരവാദികളും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും ആയാല്‍ മാത്രമേ നീതിനിര്‍വഹണം സ്വതന്ത്രമാവുകയുള്ളൂ. ഭരണഘടന വിഭാവനം ചെയ്യുന്ന ഈ രീതിക്ക് കോട്ടം വന്നാല്‍ ജുഡീഷ്യറി തന്നെ അവതാളത്തിലാവും. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്താണ് ജുഡീഷ്യറിക്കു മാഹാത്മ്യം കൈവന്നത്. ജഡ്ജിമാരെ നിയമിക്കുന്നതില്‍ എക്‌സിക്യുട്ടീവുമായുള്ള ആശയവിനിമയമാവാം. മറിച്ച് അവരുടെ ആജ്ഞയാവരുത്. ഭരണഘടനാ ശില്‍പി അംബേദ്കര്‍ പറഞ്ഞതും അതുതന്നെയാണ്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ക്ക് പ്രസക്തി ഏറിയ കാലഘട്ടമാണിത്.
നെഹ്‌റുവിന്റെ കാഴ്ചപ്പാടിനു വിരുദ്ധമായിരുന്നു ഇന്ദിരാഗാന്ധിയുടേത്. നിയമത്തിന്റെ തെറ്റായ പോക്കിനെ നിയന്ത്രിക്കാന്‍ രാജ്യത്ത് ജുഡീഷ്യല്‍ കമ്മീഷന്‍ ആവശ്യമാണ്. മതേതര, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും സാമൂഹികമായി കഴിവുള്ളവരുമായിരിക്കണം കമ്മീഷനിലെ അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. സെമിനാര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പി വി സുരേന്ദ്രനാഥ് വിഷയം അവതരിപ്പിച്ചു. അഭിഭാഷകരായ കെ വിജയകുമാര്‍, ബി പി ശശീന്ദ്രന്‍, ബി രാജേന്ദ്രന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it