thiruvananthapuram local

ജീവിത നേര്‍ക്കാഴ്ചകളുമായി സൊക്കുറോവ് ചിത്രങ്ങള്‍

തിരുവനന്തപുരം: 22ാമത്  രാജ്യാന്തര ചലചിത്രോല്‍സവത്തി ല്‍ സ്മൃതിപരമ്പര വിഭാഗത്തില്‍ പ്രശസ്ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കുറോവിന്റെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ 'ലൈഫ് ടൈം അച്ചീവ്‌മെന്റ്അവാര്‍ഡും അദ്ദേഹത്തിനാണ്.
ഫാദര്‍ ആന്‍ഡ് സണ്‍, ഫോസ്റ്റ്, ഫ്രാന്‍കോഫോണിയ, മദര്‍ ആന്‍ഡ് സണ്‍ ദി വോയ്‌സ് ഓഫ് സൊക്കറോവ്, റഷ്യന്‍ ആര്‍ക് തുടങ്ങിയവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. റഷ്യന്‍ സിനിമയെന്നാല്‍ കുളഷോവും പുഡോവ്കിനും ഐസന്‍സ്റ്റീനുമാണെന്ന സങ്കല്‍പത്തെ മറികടന്ന സംവിധായകനായിരുന്നു സൊക്കുറോവ്. റഷ്യന്‍ ചരിത്രവും രാഷ്ട്രീയവും പുതിയ കാഴ്ചാനുഭവമായവതരിപ്പിച്ച അദ്ദേഹം 'റഷ്യന്‍ ആര്‍ക്എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്.
ഒറ്റ ഷോട്ടില്‍ 90 മിനിറ്റുകള്‍ നീണ്ട ആ ചിത്രം വിസ്മയകരമായ ചലച്ചിത്രാനുഭവമാണ് കാഴ്ച്ചക്കാരന് സമ്മാനിക്കുന്നത്. സെര്‍ജി ഐസന്‍സ്റ്റീന്റെ മൊണ്ടാഷ് പദ്ധതിയുടെ എതിര്‍പാഠമായി പലപ്പോഴും വിലയിരുത്തപ്പെട്ട ചിത്രമായിരുന്നു സൊക്കുറോവിന്റെ റഷ്യന്‍ ആര്‍ക്ക്.
രാഷ്ട്രീയ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് യൂറോപ്യന്‍ സംസ്‌കാരത്തിലൂന്നി സിനിമകളെടുത്ത  സൊക്കുറോവ് കലാപരമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിയിരുന്നില്ല. സോവിയറ്റ് സമഗ്രാധിപത്യത്തിനോ വിപണിയുടെ പ്രലോഭനങ്ങള്‍ക്കോ അദ്ദേഹത്തെ കീഴ്‌പെടുത്താന്‍ കഴിഞ്ഞില്ല. നേരമ്പോക്കിനായി ഒത്തുകൂടുന്ന ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന  ചിത്രങ്ങളായിരുന്നില്ല സൊക്കുറോവിന്റേത്.
Next Story

RELATED STORIES

Share it