kozhikode local

ജീവിതഭാരം കുറയ്ക്കാന്‍ അമിതഭാരം വഹിച്ച് ഒരുപറ്റം ജീവിതങ്ങള്‍

കെ അഞ്ജുഷ

കോഴിക്കോട്: സമയം ഉച്ച ഒരുമണി. 70 കിലോയോളം തൂക്കം വരുന്ന 25ഓളം ചാക്കുകള്‍ റാളി(കൈവണ്ടി)യില്‍ രണ്ടുപേര്‍ ചേര്‍ന്ന് വലിക്കുന്നു. സൂര്യന്റെ ചൂടും റാളിയിലെ ഭാരവും ഇവര്‍ അറിയുന്നില്ല. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഭാരം കയറ്റിയ റാളിയുമായി അനായാസം ഇവര്‍ റോഡ് മുറിച്ച് കടക്കുന്നു. ഒരു ബെല്ലും ബ്രേക്കും ഒന്നും ഇല്ലാതെ.
ഒരുകാലത്ത് ഇത്തരത്തിലുള്ള അമ്പതോളം ചാക്കുകള്‍ വലിച്ചിരുന്നതായി പറയുമ്പോഴും അവര്‍ക്ക് ജീവിതത്തെക്കാള്‍ ഭാരമായി ഇത് തോന്നുന്നില്ലെന്ന് വേണം കരുതാന്‍. പടമെടുക്കരുത്... മക്കള്‍ കണ്ടാല്‍ നെഞ്ചു കീറും എന്നു പറയുന്നതിന്റെ പൊരുളും ഇതാണ്. ഒരു നേരത്തിന്റെ അന്നത്തിനുവേണ്ടി ഇവര്‍ വര്‍ഷങ്ങളായി ഭാരം ചുമക്കുകയാണ്.
ഇവരെപോലെ എത്രയോ പേര്‍ കേരളത്തിന്റെ പല കോണുകളിലും ഉണ്ട്. സര്‍ക്കാരിന്റെ യാതൊരു സഹായങ്ങളും ലഭിക്കാതെ ആരോരുമറിയാതെ ഒതുങ്ങി കൂടി ജീവിക്കുന്നവര്‍. ഇവര്‍ക്ക് പറയാനുള്ളത് അധ്വാനത്തിന്റെയും അവഗണനയുടെയും കഥകളാണ്.
1970 കളില്‍ കൊയിലാണ്ടി, ഫറോക്ക്, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ചരക്കുകയറ്റിയ റാളികള്‍ വലിയങ്ങാടിയില്‍ നിന്ന് പോവുമായിരുന്നതായി 38 വര്‍ഷമായി ഈ മേഖലയില്‍ പണിയെടുക്കുന്ന കെ വി കരീം ഇക്ക പറയുന്നു. അന്ന് റാളി കുത്തി നിര്‍ത്താന്‍ യാതൊരു മാര്‍ഗവും ഇല്ലായിരുന്നു. വലിക്കുന്നവര്‍ ഒരു പെട്ടികൂടെ കൊണ്ടു നടക്കും. വണ്ടിനിര്‍ത്താന്‍. പിന്നീടാണ് റാളിയില്‍ ഇരുമ്പിന്റെ കു—ത്തുവന്നത്.
നാലുപേര്‍ വലിക്കുന്ന വലിയവണ്ടിയും ഒരാള്‍ വലിക്കുന്ന കൈവണ്ടിയും റാളികളില്‍ ഇന്നും കാണാം. വലിയങ്ങാടി, ചുങ്കം, ചെറൂട്ടി റോഡ്, കോഴിക്കോട് റെയില്‍വേ ഗുഡ്‌സ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് അന്ന് ചരക്കെടുക്കാറുണ്ടായിരുന്നത്. കൊപ്രയും അടയ്ക്കയും തുടങ്ങി പലവിധ സാധനങ്ങള്‍ ഇവര്‍ കൈവണ്ടികളില്‍ വലിച്ച് യഥാസ്ഥലങ്ങളില്‍ എത്തിച്ചിരുന്നു. അതും തുച്ഛമായ കൂലിക്ക്. 30 മുതല്‍ 40 ലോഡ് വരെയാണ് ഒരു റാളിയില്‍ ഉണ്ടാവുക. നാലുപേര്‍ ചേര്‍ന്ന് വലിക്കുന്ന വലിയ വണ്ടിയില്‍ മൂന്ന് ടണ്‍ ഭാരം കയറ്റും.
അന്ന് 700മീറ്റര്‍ വലിച്ചാല്‍ ഒരു ക്വിന്റലിന് 33 പൈസയാണ് ലഭിക്കുന്നതെന്ന് കരീംക്കയുടെ സാക്ഷ്യപ്പെടുത്തല്‍. വലിയങ്ങാടി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ 50 പൈസയും. ലോറിയുടെയും കൂട് ഓട്ടോകളുടെയും കടന്നു വരവ് കൈവണ്ടി വലിക്കുന്നവരുടെ ജീവിത്തെ മാറ്റി മറിച്ചു.
ധാരാളം പേര്‍ ജോലി ചെയ്തിരുന്ന ഈ മേഖലയില്‍ ഇന്ന് ഉള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.
കൊഞ്ഞന്‍ അറുമാട്ടിക്ക, അസ്സന്‍കുട്ടിക്ക, വീരാന്‍ക്ക, കഞ്ഞിക്കാര്‍, ബാപ്പണ്ണി, മാധവന്‍ എന്നിവര്‍ അന്ന് കൈവണ്ടി വലിച്ചിരുന്ന പ്രമുഖരായിരുന്നു. 20ഓളം കൈവണ്ടികളുടെയും വലിയവണ്ടികളുടെയും ഉടമകളായിരുന്നു കൊപ്രകോയ, ബീച്ചികോയ, കെ വി കരീം എന്നിവര്‍. റാളികള്‍ നന്നാക്കുന്ന റാളിപ്പേട്ടകളും അന്ന് സജീവമായിരുന്നു.
കല്ലായിലെ അഹ്മദ്ക്കയുടെയും സൗത്ത് ബീച്ചിലെ കുഞ്ഞാക്കയുടെയും റാളിപ്പേട്ടകള്‍ പ്രശസ്തമാണ്. കൂടാതെ പുഷ്പ തീയേറ്ററിനടുത്തും ഇടിയങ്ങരയിലും പന്നിയങ്കരയിലും വലിയങ്ങാടിയിലും റാളികളുടെ മെക്കാനിക്കുകളുണ്ടായിരുന്നു. കരിമരുതിയായിരുന്നു റാളിക്ക് പയോഗിക്കുന്ന മരം. അടക്കപൈന്‍ ഉപയോഗിച്ച റാളികളാണ് ഇന്നുള്ളത്. കോഴിക്കോട് നഗരത്തില്‍ ഇന്നും റാളിവലിക്കുന്നവരുണ്ട്.
പഴയ തലമുറയുടെ കൈവശമുള്ളത് അധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികള്‍മാത്രമാണ്. ഒരുകാലത്ത് നാടിന്റെ ചലനമായിരുന്ന ഇവര്‍ ഇന്ന് അവഗണനയുടെ പടുകുഴിയിലാണ്. ചുമട്ടുതൊഴിലാളികള്‍ക്ക് 20ഓളം ക്ഷേമനിധികള്‍ ഉണ്ടായിരിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ തങ്ങളുടെ കൈകളില്‍ എത്തുന്നില്ലെന്ന അമര്‍ഷമാണ് ഇവരുടെ വാക്കുകളില്‍.
Next Story

RELATED STORIES

Share it