ജീവിതത്തെ വാനോളം പ്രണയിച്ച കുഞ്ഞബ്ദുല്ല



റഫീഖ് റമദാന്‍

ജീവിതത്തെ ഏറെ പ്രണയിച്ച എഴുത്തുകാരനായിരുന്നു പുനത്തില്‍. അദ്ദേഹത്തിന്റെ വൈദ്യാനുഭവങ്ങള്‍ വിവരിക്കുന്ന കൃതിക്ക് മരുന്നിനുപോലും തികയാത്ത ജീവിതം എന്നു പേരിട്ടത് യാദൃച്ഛികമാവാം. കാപട്യമില്ലാതെ ജീവിതത്തെ സമീപിച്ച അദ്ദേഹത്തിന്റെ കൃതികളില്‍ ജീവിതമധു കിനിയുന്നതു കാണാം. അലിഗഡ് പഠനകാലത്താണ് ഡി എച്ച് ലോറന്‍സിന്റെ വിശ്രുതമായ ലേഡി ചാറ്റര്‍ലീസ് ലൗവര്‍ എന്ന വിവാദ ഗ്രന്ഥം പുനത്തില്‍ വായിച്ചത്. അലിഗഡ് പഠനകാലത്ത് ഒളിച്ചും മറച്ചും വായിച്ച ഈ വിശുദ്ധകൃതി തന്നില്‍ പ്രണയവും കാമവും ജീവിതാസക്തിയും നിറച്ചു എന്നാണ് പുനത്തില്‍ വിശേഷിപ്പിച്ചത്. യുദ്ധത്തില്‍ പരിക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്ന പ്രഭുവിന്റെ ഭാര്യ തോട്ടക്കാരനില്‍ കാമാസക്തി തീര്‍ക്കുന്ന ഈ പുസ്തകം അശ്ലീല നിരോധന നിയമം ലംഘിച്ചതിന് അമേരിക്കന്‍ കോടതിയുടെ നിരോധനം ഏറ്റുവാങ്ങിയിട്ടുണ്ട്. പിന്നീട് പുനത്തില്‍ രചിച്ച നീലനിറമുള്ള തോട്ടത്തിന്റെ ടാഗ് ലൈന്‍ പുനത്തിലിന്റെ രതിക്കഥകള്‍ എന്നായിരുന്നു. രതിയുടെ സാരം നിറഞ്ഞുനില്‍ക്കുന്ന 13 കഥകള്‍ അതത്രയും ജീവിതഗന്ധിയായിരുന്നു. പച്ചമനുഷ്യരുടെ ഗന്ധമുള്ള കഥകള്‍. മരുന്ന് എന്ന നോവല്‍ ഒരു പ്രണയകഥയല്ല. അതു മരണത്തിന്റേതാണ്. അതിലെ ലക്ഷ്മിയുടെ ആഴമുള്ള നീലിമയാര്‍ന്ന കണ്ണുകള്‍ നോവലിസ്റ്റിന്റെ ഊര്‍ജം പ്രകടമാക്കുകയാണ്. മലയാള ഭാഷയുടെ വസന്തം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്മാരകശിലകള്‍, കന്യാവനങ്ങളിലെ റസിയ , എല്ലാവരുംജീവിതത്തോടുള്ള അഭിനിവേശം പടര്‍ത്തുന്നു.മുസ്്‌ലിം സമുദായത്തിലെ അനാചാരങ്ങളെ വിമര്‍ശിക്കാനും പുനത്തിലിന് തന്റേതായ സുന്ദര രീതിയുണ്ടായിരുന്നു. ഒരിക്കല്‍ ഒരു ചെറുപ്പക്കാരനെയും കൂട്ടി ക്ലിനിക്കില്‍ വന്ന മധ്യവയസ്‌കയുടെ പരാതി, തന്റെ മരുമകന്‍ പുയ്യാപ്ലക്ക് തീരെ വിശപ്പില്ല എന്നതായിരുന്നു. സുബ്ഹിന് പുഴുങ്ങിയ മുട്ടയും നേന്ത്രപ്പഴവും കഴിച്ചു കിടക്കുന്ന പുയ്യാപ്ലക്ക് 10 മണിക്ക് പത്തിരീം ആട്ടിറച്ചീം തിന്നാന്‍ പറ്റുന്നില്ല! സ്‌നേഹപാനത്തില്‍ രസകരമായാണ് പുനത്തില്‍ ഇതു പറയുന്നത്. പ്രണയകഥകള്‍, എന്റെ കാമുകിമാരും മറ്റു കഥകളും തുടങ്ങി മിക്ക കൃതികളിലും കഥാകാരന്റെ ജീവിതാസക്തി പ്രകടമാണ്. ആദ്യരാത്രിയില്‍ പാലിനു പകരം സിഗരറ്റുമായി വധു എന്ന കഥയുടെ അവസാനഭാഗത്ത് പുനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. താനെല്ലാം വായനക്കാര്‍ക്കായി തുറന്നെഴുതുകയാണെന്ന്. സഭ്യതയുടെ സീമകള്‍ വിടാതെ ഓരോ അധ്യായവും ചിത്രങ്ങള്‍പോലെ വായനക്കാരില്‍ പതിയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മതകാര്യങ്ങളില്‍ പിറകോട്ടുപോയതിനും അദ്ദേഹത്തിന് ന്യായീകരണമുണ്ട്. പുനത്തിലിന്റെ തറവാട്ടില്‍ രണ്ട് മുല്ലാക്കമാര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ നമസ്‌കാരവും ഖുര്‍ആന്‍ ഓത്തും പഠിപ്പിച്ചത് അവരാണ്. കൂട്ടത്തില്‍ സുബ്ഹി നമസ്‌കാരത്തിനു മുമ്പുള്ള തഹജ്ജുദ് നമസ്‌കാരവും നിര്‍ബന്ധപൂര്‍വം അനുഷ്ഠിപ്പിച്ചു. രാത്രി മൂന്നു മണിക്കാണിത്. തഹജ്ജുദ് നമസ്‌കാരത്തിനിടെ പലപ്പോഴും താന്‍ തലകുത്തി ഉറങ്ങിപ്പോയിട്ടുണ്ടെന്ന് ബാല്യകാലം സ്മരിച്ച് ഒരു കഥയില്‍ പറയുന്നുണ്ട്. അത് നമസ്‌കാരത്തോടുള്ള താല്‍പര്യം കുറയാന്‍ ഇടയാക്കിയത്രേ. മതവിശ്വാസിയായ ഒരു മുസ്്‌ലിമായിരുന്നു പുനത്തില്‍. പൂര്‍ത്തിയാക്കപ്പെടാതെ പോയ അദ്ദേഹത്തിന്റെ അവസാനകഥ“യാ അയ്യുഹന്നാസ് എന്നാണ്. മലയാള സാഹിത്യകാരന്മാരിലും മുസ്‌ലിം എഴുത്തുകാരിലും എക്കാലവും സ്മരിക്കപ്പെടുന്ന കൃതികളുടെ കര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹം അറിയപ്പെടുമെന്നു പ്രത്യാശിക്കാം. അതേസമയം സ്മാരകശിലകള്‍, മരുന്ന് പോലുള്ള ശ്രദ്ധേയമായ നിരവധി നോവലുകളും എണ്ണംപറഞ്ഞ ചെറുകഥകളും സംഭാവന ചെയ്ത പുനത്തില്‍ കുഞ്ഞബ്ദുല്ലയ്ക്ക് വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ നല്‍കാതിരുന്നത് അനീതിയായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it