ജീവിതത്തില്‍ ഒരിക്കല്‍പോലും സരിതയെ കണ്ടിട്ടില്ല: അബ്ദുല്ലക്കുട്ടി എംഎല്‍എ

കണ്ണൂര്‍: സത്യം ഒരിക്കല്‍ പുറത്തുവരുമെന്നും തന്റെ മക്കളാണെ സത്യം, സരിതാ നായരെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ. അബ്ദുല്ലക്കുട്ടിക്കെതിരേ നല്‍കിയ ബലാല്‍സംഗ പരാതിക്കു പിന്നില്‍ ബെന്നി ബെഹനാന്‍ ആണെന്ന സരിതയുടെ വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്താണു പ്രതികരിക്കേണ്ടതെന്നറിയില്ല. അന്ന് വിഷയം ഉയര്‍ന്നപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ആരോപണം തന്റെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാക്കിയ വിഷമം പറഞ്ഞറിയിക്കാനാവാത്തതാണ്. ജീവിതത്തില്‍ കാണാത്തവരായിട്ടും നികൃഷ്ടമായ രീതിയിലാണു പരാതി നല്‍കിയത്. സ്‌കൂളുകളില്‍ കുട്ടികളെ പരിഹസിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ണാടകയിലേക്കു പലായനം ചെയ്യേണ്ടിവന്നത്. ഒരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാവരുതേയെന്നാണ് ആഗ്രഹം. ആരോപണങ്ങള്‍ക്കു പിന്നില്‍ എന്തൊക്കെയോ ദുഷിച്ച പ്രവണതകളുണ്ട്. അത് തെളിയിക്കാനുള്ള തെളിവൊന്നും എന്റെ കൈയിലില്ല. ഒരുകാര്യം ഉറപ്പാണ്, പടച്ചവന്‍ എന്നോടും കുടുംബത്തോടും ഒപ്പമുണ്ട്. മറ്റു കാര്യങ്ങള്‍ പിന്നീടു പറയാമെന്നും അബ്ദുല്ലക്കുട്ടി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് അബ്ദുല്ലക്കുട്ടി മറുപടി പറഞ്ഞില്ല.
Next Story

RELATED STORIES

Share it