Flash News

ജീവിതച്ചെലവ്; മൂന്നു മാസത്തിനകം മൂന്നിലൊന്ന് പ്രവാസി കുടുംബങ്ങള്‍ സൗദി വിടും

ജീവിതച്ചെലവ്; മൂന്നു മാസത്തിനകം മൂന്നിലൊന്ന് പ്രവാസി കുടുംബങ്ങള്‍ സൗദി വിടും
X


കെ പി എ അലി

ദമ്മാം: അടുത്ത ജൂണ്‍ മാസത്തോടെ മൂന്നിലൊന്ന് പ്രവാസി കുടുംബങ്ങള്‍ സൗദി അറേബ്യ വിടുമെന്ന് വിലയിരുത്തല്‍. ദമ്മാം, റിയാദ്, ജിദ്ദ, അബഹ പട്ടണങ്ങളെ കേന്ദ്രീകരിച്ച് പ്രമുഖ പ്രവാസി സാമൂഹിക സംഘടന ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തിയ പഠന റിപോര്‍ട്ടിലാണ് സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്നതോടെ 25-30 ശതമാനം പ്രവാസി കുടുംബങ്ങള്‍ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുമെന്ന് പറയുന്നത്. ഫിറ്റ് ഫോര്‍ ദി ഫ്യൂച്ചര്‍ കാംപയിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സാമ്പത്തിക അച്ചടക്കം, സാമൂഹിക ജീവിതക്രമം, പ്രതിസന്ധികളെ അഭിമുഖീകരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഫോറം സൗദി ദേശീയ തലത്തില്‍ സര്‍വ്വേ സംഘടിപ്പിച്ചത്. വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആശ്രിത ലെവിയും കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെ അടിസ്ഥാന ചെലവുകള്‍ കൂടിയതുമാണ് പ്രവാസി കുടുംബങ്ങളെ നാട്ടിലയക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഇതര സംസ്ഥാനക്കാരെ അപേക്ഷിച്ച് കുറഞ്ഞ ശമ്പളക്കാരായ നിരവധി മലയാളികള്‍ കുടുംബ സമേതം കഴിയുന്നതിനാല്‍ ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക കേരളത്തെയും വിശേഷിച്ച് മലബാറിനെയുമായിരിക്കും. വിഷയം ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക മണ്ഡലങ്ങളില്‍ വരുത്തുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്നും ഇക്കാര്യം കേന്ദ്ര-സംസ്ഥാന ഭരണകൂടം വേണ്ടത്ര ഗൗരവത്തോടെ കണ്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ഫോറം പിആര്‍ഓ നമീര്‍ ചെറുവാടി ചൂണ്ടിക്കാട്ടി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രവാസി റെമിറ്റന്‍സില്‍ 7 ശതമാനത്തിന്റെ കുറവ് 2017ല്‍ രേഖപ്പെടുത്തിയതായി പ്രമുഖ പണമിടപാട് സ്ഥാപനമായ എക്‌സ്പ്രസ് മണിയുടെ ഗള്‍ഫ് റീജ്യനല്‍ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ആല്‍ബിന്‍ ജോസഫ് വ്യക്തമാക്കി. ക്രമപ്രവൃദ്ധമായ വളര്‍ച്ച കാണിച്ചിരുന്ന കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പ്രവാസി നാട്ടിലയക്കുന്ന പണത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് 2018 ആദ്യ പാദത്തിലും തുടരുന്നത്. ജൂണിന് മുമ്പായി 25 ശതമാനം പ്രവാസി കുടുംബങ്ങള്‍ രാജ്യം വിടുമെന്നും ആല്‍ബിന്‍ ജോസഫ് വിലയിരുത്തുന്നു.

സൗദിയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ വര്‍ഷം ശരാശരി 3,000ത്തോളം വിദ്യാര്‍ഥികളാണ് പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്നത്. അതിലേറെ പേര്‍ പുതുതായി പ്രവേശനം നേടാറുമുണ്ട്. എന്നാല്‍ ഈ വര്‍ഷം സ്‌കൂള്‍ വിട്ടു പോകുന്നവരുടെ എണ്ണം ഇരട്ടിയോളമായതായി ഭരണസമിതിയംഗം റഷീദ് ഉമര്‍ തേജസിനോട് പറഞ്ഞു. 100ലധികം അധ്യാപകര്‍ ഇതിനോടകം ജോലി ഒഴിയുന്നതിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. കൂടാതെ പുതുതായി വരാറുള്ള പ്രവേശന അപേക്ഷയിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ജിദ്ദ, റിയാദ് പ്രദേശങ്ങളെ അപേക്ഷിച്ച് കിഴക്കന്‍ പ്രവിശ്യയില്‍ നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങളുടെ എണ്ണം താരതമ്യേന കുറവായിരിക്കും. എങ്കിലും പുതിയ അധ്യയന വര്‍ഷം കുട്ടികളെ നാട്ടിലെ സ്‌കൂളുകളില്‍ ചേര്‍ക്കുന്നത് കണക്കാക്കി ഏപ്രില്‍, മെയ് മാസത്തോടെ പ്രവിശ്യയില്‍ നിന്നും 20,000ത്തോളം കുടുംബങ്ങള്‍ മടങ്ങുമെന്ന് റഷീദ് ഉമര്‍ സൂചിപ്പിച്ചു. കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കുമ്പോള്‍ വിദേശ വിദ്യാഭ്യാസ മന്ത്രാലയ നിബന്ധനയനുസരിച്ച് 15,000 കുട്ടികളെ പഠിപ്പിക്കുന്നതിനാണ് ദമ്മാം ഇന്ത്യന്‍ സ്‌കൂളിന് അനുമതിയുള്ളത്. എന്നാല്‍ നിലവിലെ അംഗസംഖ്യ 17,000ത്തിലധികമാണ്. പുതിയ കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് സൗദിയില്‍ തൊഴില്‍ പ്രതിസന്ധിയും ലെവി പോലുള്ള സാമ്പത്തിക നിയമ പരിഷ്‌കരണങ്ങളും വരുന്നത്. ഇതോടെ പുതിയ കെട്ടിടമെന്ന പദ്ധതി പാടെ ഉപേക്ഷിക്കുകയും നിലവില്‍ വില്ലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലാസ്സുകള്‍ കൂടി അടുത്ത വര്‍ഷത്തോടെ നിര്‍ത്തലാക്കാനും തീരുമാനിച്ചിരിക്കുകയാണ്. പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ തിരിച്ചുപോകുമ്പോള്‍ പല സ്വകാര്യ സ്‌കൂളുകളും പ്രതിസന്ധി നേരിടുമെന്നത് ഉറപ്പാണ്. മലയാളി മാനേജ്‌മെന്റിന് കീഴിലുള്ള ചില സ്‌കൂളുകള്‍ അടുത്ത വര്‍ഷത്തോടെ തീരുമാനം കൈക്കൊള്ളാനുള്ള ആലോചനയിലുമാണ്.

അതേസമയം കുടുംബങ്ങള്‍ ഒഴിഞ്ഞു തുടങ്ങിയതോടെ താമസ കേന്ദ്രങ്ങളുടെ വാടകയിലും ഗണ്യമായ കുറവ് വന്നു. ഇതിനോടകം ഒട്ടുമിക്ക ഫഌറ്റുകളുടെയും വാടക 10 മുതല്‍ 20 ശതമാനം വരെ കുറച്ചിട്ടുണ്ട്. കുടുംബം പോകുന്നതോടെ തനിച്ചാവുന്നവര്‍ പലരും ഒന്നിച്ച് താമസിക്കുമെന്നതിനാല്‍ ഫാമിലി ഫഌറ്റുകള്‍ പലതും ഒഴിഞ്ഞു തന്നെ കിടക്കും. അടുത്ത രണ്ടു വര്‍ഷം പ്രവാസികള്‍ക്ക് കടുത്ത പരീക്ഷണമായിരിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. ബില്‍ഡിങ് മെറ്റീരിയല്‍സ്, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ്, ഓട്ടോ പാര്‍ട്‌സ്, ഗൃഹോപകരണങ്ങള്‍, കണ്ണട, വാച്ച്, ഫാര്‍മസി തുടങ്ങി 12ഓളം വ്യാപാര മേഖലയിലാണ് ഈ വര്‍ഷം സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്. കൂടാതെ അടുത്ത ജൂണില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതോടെ അനേകം വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകും. മാസങ്ങള്‍ക്ക് മുമ്പ് പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവച്ചത് അടുത്ത ഘട്ടം പല ഉദ്യോഗസ്ഥ തസ്തികകളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ സൂചനയാണെന്നും കണക്കാക്കുന്നു. സൗദിയുടെ വളര്‍ച്ചയില്‍ പ്രവാസികള്‍ നല്‍കിയ സംഭാവനകളെ പുകഴ്ത്തുകയും നിലവിലെ സാമ്പത്തിക, തൊഴില്‍ പരിഷ്‌കരണങ്ങളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഉള്‍ക്കൊള്ളണമെന്ന് പ്രവാസി കുടുംബങ്ങളെ ഉപദേശിക്കുകയും ചെയ്യുന്ന നിരവധി ലേഖനങ്ങളാണ് എഡിറ്റോറിയല്‍ ഉള്‍പ്പെടെ സ്വദേശി എഴുത്തുകാരുടെതായി പ്രാദേശിക പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം ലേഖനങ്ങള്‍ ഭരണകൂടത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത തീരുമാനത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതിഫലനം കൂടിയാണ്. അതിനിടെ ബഖാലകള്‍ കണ്‍സ്യൂമര്‍ അസോസിയേഷന് കീഴില്‍ കൊണ്ടുവരുന്നതിനുള്ള ആലോചനയും തുടങ്ങിക്കഴിഞ്ഞു. പ്രവര്‍ത്തന സമയം മാറ്റുന്നതുള്‍പ്പെടെ ഇതു സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പേ പഠനം തുടങ്ങിയിരുന്നു. കൂടുതല്‍ ബിനാമി ബിസിനസ്സും വിദേശത്തേക്ക് അനധികൃതമായി പണമൊഴുകുന്നതും ഈ മേഖലയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. തീരുമാനം സൗദി ഉന്നത സഭയുടെ പരിഗണനയിലാണെന്ന് കണ്‍സ്യൂമര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അബ്ദുല്ല കദ്മാന്‍ വ്യക്തമാക്കി. അസോസിയേഷന്‍ മുന്നോട്ടു വച്ച നിര്‍ദേശം വാണിജ്യ മന്ത്രാലയത്തിനും നിക്ഷേപ അതോറിറ്റിക്കും സമര്‍പ്പിച്ചിട്ടുണ്ട്. ചില്ലറ വില്‍പ്പന സ്ഥാപനങ്ങള്‍ അസോസിയേഷന് കീഴില്‍ വരുന്നതോടെ ധാരാളം സ്വദേശികള്‍ക്ക് ജോലി ലഭ്യമാകുമെങ്കിലും പതിനായിരക്കണക്കിന് മലയാളികളെയാണ് തീരുമാനം പ്രതികൂലമായി ബാധിക്കുക.
Next Story

RELATED STORIES

Share it