kasaragod local

ജീവിച്ചിരിപ്പുള്ള വ്യക്തി മരിച്ചെന്ന് കാണിച്ച് സ്വത്ത് തട്ടിയ സംഭവം: വിജിലന്‍സിന് പരാതി



കാസര്‍കോട്: ജീവിച്ചിരിക്കുന്ന വ്യക്തി മരിച്ചതായി വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കോടികള്‍ വിലമതിക്കുന്ന സ്വത്ത് റവന്യ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുത്ത സംഭവത്തില്‍ ആരോപണ വിധേയരെ രക്ഷിക്കാന്‍ ശ്രമം. കൂഡ്‌ലു വില്ലേജിലെ ആര്‍എസ് നമ്പര്‍ 386 ല്‍ പെട്ട വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിന് സമീപത്തെ 1.45 ഏക്കര്‍ സ്ഥലമാണ് തട്ടിയെടുത്തത്. വിദ്യാനഗര്‍-സീതാംഗോളി റോഡിലെ കണ്ണായ സ്ഥലമാണ് റീ സര്‍വേ നടപടിയുടെ ഭാഗമായി പരിശോധിച്ചപ്പോള്‍ മറ്റൊരു സ്വകാര്യ വ്യക്തി കൈക്കലാക്കിയതായി വിവരം ലഭിച്ചത്. മംഗളൂരു കൊടിയല്‍ബയലില്‍ താമസിക്കുന്ന കെ ബി ഷെയ്ക്ക് ഇബ്രാഹിമിന്റെ പേരിലുള്ള സ്ഥലമായിരുന്നു ഇത്. ഇദ്ദേഹം 1958 മാര്‍ച്ച് 26ന് മരണപ്പെട്ടിരുന്നു. രണ്ട് ഭാര്യമാരിലായി അഞ്ച് മക്കളാണ് ഉള്ളത്. ആദ്യ ഭാര്യ കുല്‍സുംബി മരണപ്പെട്ടിരുന്നു. ഇവരുടെ മകളായ ഖൈറുന്നിസയും രണ്ടാം ഭാര്യ ഷംസുന്നിസയിലുള്ള ബദറുന്നിസ, നയിമ, ഷെയ്ക്ക് മൊയ്തീന്‍ അസീസ്, ജൈബുന്നിസ എന്നിവരാണ് സ്ഥലത്തിന്റെ അനന്തരവകാശികള്‍. എന്നാല്‍ കാസര്‍കോട് അഡീ. റീസര്‍വേ തഹസില്‍ദാറുടെ നേതൃത്വത്തില്‍ സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കമുള്ളതിനാല്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞ ഫെബ്രുവരി 15ന് തഹസില്‍ദാര്‍ ഓഫിസില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഷെയ്ക്ക് മൊയ്തീന്‍ അസീസിന് ഹാജരാവാന്‍ സാധിച്ചിരുന്നില്ല. സ്ഥലം വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത വിദ്യാനഗറിലെ നളിനി, മഞ്ജുനാഥ എന്നിവര്‍ തങ്ങള്‍ക്ക് ഇതില്‍ അവകാശമുണ്ടെന്ന് കാണിച്ച് രേഖകള്‍ ഹാജരാക്കുകയായിരുന്നു. എന്നാല്‍ അനന്തരാവകാശികള്‍ ഇരുവരെ സ്വത്തിന് വില്ലേജില്‍ നികുതി അടച്ചിരുന്നു. ഒരേ സ്ഥലത്തിന് രണ്ട് തരത്തില്‍ നികുതി ഈടാക്കിയ സംഭവവും വിവാദമായിട്ടുണ്ട്. ഇത് സംബന്ധിച്ച് അഡി. റീസര്‍വേ തഹസില്‍ദാര്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പരാതിക്കാരനായ ഷെയ്ക്ക് മൊയ്തീന്‍ അസീസ് മരണപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1970ല്‍ നടന്ന കൈമാറ്റത്തില്‍ മുഴുവന്‍ അവകാശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് രേഖ ഉണ്ടാക്കിയത്. ഈ സ്ഥലത്തിന് തടസവാദം സ്വീകരിക്കാനും നിര്‍വാഹമില്ലെന്നാണ് തഹസില്‍ദാരുടെ റിപോര്‍ട്ട്. സംഭവത്തേക്കുറിച്ച് റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it