ജീവന്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം: നിയമനിര്‍മാണം നടത്തും

തിരുവനന്തപുരം: ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്ന് പ്രയാസങ്ങള്‍ ഉണ്ടാവുന്നത് തടയുന്നതിനും ആവശ്യമായ നിയമനിര്‍മാണം നടത്തുന്ന കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷിയല്ലാത്തയാളെ ഏതെങ്കിലും പ്രത്യേക സാഹചര്യംമൂലം ഇപപെടീക്കേണ്ടി വന്നാല്‍ അത് പ്രോസിക്യൂട്ടറുമായോ ജില്ലാ പോലിസ് മേധാവിയുമായോ ആലോചിച്ച് അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രമേ ആകാവൂ. ഇതടക്കമുള്ള കാര്യങ്ങള്‍ എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അതിവേഗം വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിന് സോഫ്റ്റ് എന്നപേരില്‍ സന്നദ്ധ സേവകരുടെ കൂട്ടായ്മ രൂപീകരിച്ചുവരികയാണ്. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ പൊതു, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികില്‍സ ഉറപ്പാക്കുന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. അതോടൊപ്പം, പരിക്കേല്‍ക്കുന്നവരെ വിദഗ്ധ ചികില്‍സ ലഭിക്കുന്ന ആശുപത്രിയില്‍ വേഗത്തില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. അതിനായി, സംസ്ഥാനവ്യാപകമായി ആംബുലന്‍സ് സര്‍വീസ് ലഭ്യമാക്കാന്‍ ഇന്റര്‍ നെറ്റ്‌വര്‍ക്ക് ശൃംഖലയ്ക്ക് രൂപംനല്‍കും.ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറാവുന്നവര്‍ക്ക് ആശുപത്രി അധികാരികളില്‍ നിന്നോ പോലിസില്‍ നിന്നോ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും സിവില്‍, ക്രിമിനല്‍ ബാധ്യതകളില്ലായെന്നും കേന്ദ്ര ഹൈവേ റോഡ് ഗതാഗതമന്ത്രാലയം 2015ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്ന നല്ല സമരിയക്കാരെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സുപ്രിംകോടതിയും 2016ല്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരവും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് യാതൊരുവിധമായ നിയമനടപടികളും നേരിടേണ്ടിവരില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it