kannur local

ജീവന്‍ പണയംവച്ച് കെഎസ്ഇബി തൊഴിലാളികള്‍

ചെറുപുഴ: വൈദ്യുതി മുടക്കം പതിവായതോടെ ജീവന്‍ പണയം വച്ച് ജോലിയെടുക്കുന്ന കെഎസ്ഇബിയിലെ തൊഴിലാളികളുടെ സുരക്ഷ കടലാസില്‍. മലയോര പ്രദേശത്തെ വൈദ്യുതി ഓഫിസുകളില്‍ ഒന്നും ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരങ്ങളില്ല. സേഫ്റ്റി ബെല്‍റ്റ്, എര്‍ത്ത് മെയിന്‍ എന്നിവ ഇതുവരെ ലഭിച്ചിട്ടില്ല. മഴയിലും കാറ്റിലും അറ്റകുറ്റപ്പണി ആവശ്യമായ തൂണുകളിള്‍ കയറുമ്പോള്‍ ജീവനക്കാര്‍ ഹെല്‍മെറ്റ്, സേഫ്റ്റി ബെല്‍റ്റ്, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണമെന്നാണ് നിയമം. എന്നാല്‍ വൈദ്യുതി തൂണുകളില്‍ കയറാന്‍ മുളയേണി പോലും പല ഓഫിസുകളിലുമില്ല. വൈദ്യുതി തൂണുകളിലും ലൈനുകളിലും യാതൊരു സുരക്ഷാ സൗകര്യങ്ങളുമില്ലാതെ സര്‍ക്കസ് കലാകാരന്‍മാരെ പോലെയാണ് വൈദ്യുതി ജീവനക്കാര്‍ ജോലിചെയ്യുന്നത്.
ഹൈ ടെന്‍ഷന്‍(എച്ച്ടി) ലൈനില്‍ കയറുമ്പോള്‍ സമീപത്തെ സബ്‌സ്‌റ്റേഷനില്‍ നിന്നു അനുമതിയെടുക്കണമെന്നാണു നിയമം. എന്നാല്‍ ഇത് പലപ്പോഴും പാലിക്കാറില്ല. പകരം എയര്‍ ബ്രേക്ക് സിച്ച് ഓഫ് ചെയ്യുകയാണു പതിവ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ലൈന്‍മാന്‍ ലൈനിലെ വൈദ്യുതി ബന്ധം വിഛേദിക്കേണ്ടത്. ചെറിയൊരു അശ്രദ്ധ ഉണ്ടായാല്‍ പോലും വന്‍ ദുരന്തത്തിന് ഇത് വഴിതെളിക്കും.
എയര്‍ ബ്രേക്ക് സ്വിച്ചുകള്‍ പലയിടത്തും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. അതിനാല്‍ ഓഫ് ചെയ്താലും എച്ച്ഡി ലൈനിലേക്ക് പലപ്പോഴും വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുമുണ്ട്. ലൈന്‍ ഓഫ് ചെയ്ത് എര്‍ത്ത് നല്‍കിയ ശേഷമാണ് ജോലി ചെയ്യേണ്ടതെങ്കിലും ജോലി ഭാരം മൂലം ജീവനക്കാര്‍ക്ക് ഇതിന് സാവകാശം ലഭിക്കാറില്ല. മലയോരത്തെ ഉള്‍പ്രദേശങ്ങളില്‍ മിക്കയിടത്തും നാട്ടുകാര്‍ തന്നെയാണ് ട്രാന്‍സ്‌ഫോമറുകള്‍ളുടെ ഫീസും കെട്ടുന്നത്. ആയിരം ഉപയോക്താക്കള്‍ക്ക് ഒരു ലൈന്‍ എന്നാണ് കണക്ക്. എന്നാല്‍ ഇത് പാലിക്കപ്പെടാത്തതിനാല്‍ നിത്യേന നൂറിലധികം പരാതികളാണ് ഒരു സെക്്ഷനു കീഴില്‍ വതന്നെയുണ്ടാവുന്നത്. പല ഓഫിസുകളിലും ഫ്യൂസ് വയര്‍ പോലുമില്ലാത്ത സ്ഥിതിയാണ്.
വൈദ്യുതി വകുപ്പില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതുമൂലം ജില്ലകള്‍തോറും സേഫ്റ്റി ഓഫിസര്‍മാരെ നിയമിക്കാന്‍ വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് നിയമനം ഇതുവരെ നടപ്പായിട്ടില്ല. ഇതിനു പകരമായി ജില്ലയിലെ സബ് ഡിവിഷന്‍ ഓഫിസുകളിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് അധിക ചുമതല നല്‍കുകയാണു ചെയ്തത്. ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക, സുരക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കുകയും ഇവ പരിശോധിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ ചുമതല. വിവിധ സെക്്ഷന്‍ ഓഫിസുകള്‍ക്കു കീഴില്‍ സുരക്ഷാ ക്ലാസുകള്‍ നല്‍കുകയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും വേണം. എന്നാല്‍ സംസ്ഥാനത്തെ സബ്ഡിവിഷന്‍ ഓഫിസുകളില്‍ വേണ്ടത്ര അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍(എഇഇ) ഇല്ലാത്തതും ഇതിന് തിരിച്ചടിയായി.
Next Story

RELATED STORIES

Share it