ജീവനാംശ സ്വത്തില്‍ വിധവയ്ക്ക് പൂര്‍ണ അവകാശം: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവില്‍ നിന്ന് ജീവനാംശമായി ലഭിച്ച വസ്തുവില്‍ വിധവയ്ക്കു പൂര്‍ണ അവകാശമുണ്ടെന്ന് സുപ്രിംകോടതി. ജീവനാംശം വെറും ഒൗപചാരികമായി അനുവദിക്കുന്നതല്ലെന്നും അത് ആത്മീയവും ധാര്‍മികവുമായ അവകാശമാണെന്നും അതിനു നിയമപരിരക്ഷയുണ്ടെന്നും ജസ്റ്റിസുമാരായ എം വൈ ഇഖ്ബാല്‍, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഭര്‍ത്താവിന്റെ ഒസ്യത്ത് പ്രകാരം ലഭിച്ച ഭൂമി തന്റെ ബന്ധുവിനു കൈമാറ്റം ചെയ്ത ആന്ധ്രക്കാരിയായ വിധവയ്ക്കനുകൂലമായ ഹൈക്കോടതി വിധി ശരിവച്ചാണു സുപ്രിംകോടതി പരാമര്‍ശം.
ഹിന്ദു നിയമപ്രകാരം ഭാര്യയെ സംരക്ഷിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാണ്. ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യക്കും അവകാശമുണ്ട്. ഹിന്ദു വിധവയുടെ സംരക്ഷണം ഔദാര്യമോ സൗജന്യമോ അല്ല. അതു വിധവയുടെ ധാര്‍മിക അവകാശമാണ്. ഭര്‍ത്താവില്‍ നിന്നു ലഭിച്ച വസ്തു കൈകാര്യംചെയ്യുന്നതില്‍ വിധവയ്ക്കു പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.
മൂന്നു ഭാര്യമാരുണ്ടായിരുന്ന ആന്ധ്രപ്രദേശിലെ പി വെങ്കിട്ട സുബ്ബയുടെ മകനില്‍ നിന്നു വീടു വാങ്ങിയ ജുപുഡി പാര്‍ഥസാരഥി എന്ന ആള്‍ നല്‍കിയ അപ്പീല്‍ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. 1920ല്‍ സുബ്ബ മക്കളില്ലാത്ത തന്റെ മൂന്നാം ഭാര്യ വീരരാഘവമ്മയ്ക്ക് അദ്ദേഹത്തിന്റെ സ്വത്തിലൊരു ഭാഗം ഒസ്യത്ത് വഴി നല്‍കിയിരുന്നു. വീരരാഘവമ്മ 1971ല്‍ മറ്റൊരു ഒസ്യത്ത് പ്രകാരം ഈ ഭൂമി പെന്റാപതി സുബ്ബറാവുവിനു നല്‍കി. വിരരാഘവമ്മ മരിച്ചതിനു ശേഷം 1976ല്‍ സുബ്ബയുടെ രണ്ടാമത്തെ ഭാര്യയിലുള്ള മകന്‍ വസ്തു സാരഥിക്കു വില്‍ക്കുകയായിരുന്നു. വിചാരണക്കോടതി ഈ വില്‍പ്പന തടഞ്ഞു. വസ്തുവില്‍ വിധവയ്ക്കു പരിമിതമായ അവകാശമാണുള്ളതെന്നും അവര്‍ മരിച്ച സാഹചര്യത്തില്‍ സ്വത്തിലുള്ള അവകാശത്തിന്നര്‍ഹത പുരുഷ അവകാശികള്‍ക്കാണെന്നുമാണു വിചാരണക്കോടതി വിധിച്ചത്. എന്നാല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി വിചാരണക്കോടതിയുടെ ഈ വിധി അസാധുവാക്കി. ഇതിനെതിരേ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.
Next Story

RELATED STORIES

Share it