malappuram local

ജീവനക്കാര്‍ എത്തിയില്ല; നാട്ടുകാര്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു

തിരൂരങ്ങാടി: വില്ലേജ് ഓഫിസില്‍ ജീവനക്കാര്‍ സമയത്തിന് എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു.
മൂന്നിയൂര്‍ വില്ലേജ് ഓഫിസിലാണ് ജീവനക്കാര്‍ തോന്നിയപോലെ ഓഫിസിലെത്തുന്നത്. വില്ലേജ് ഓഫിസിന് മുന്നില്‍ രാവിലെ മുതല്‍ കാത്തുനിന്ന ജനങ്ങള്‍ 11 മണി പിന്നിട്ടിട്ടും ജീവനക്കാര്‍ എത്താതായതോടെയാണ് പ്രതിഷേധങ്ങളിലേയ്ക്ക് നീങ്ങിയത്. ആറുപേരുള്ള വില്ലേജ് ഓഫിസില്‍ ഒരാള്‍ മാത്രമാണ് ഡ്യൂട്ടിയിലെത്തിയത്.
നികുതി, വിദ്യാഭ്യാസ അടിയന്തിര ആവശ്യങ്ങള്‍ നിലനില്‍ക്കെയാണ് വില്ലേജ് ഓഫിസില്‍ ജീവനക്കാരുടെ അലംഭാവം. രാവിലെ നൂറോളം ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തിയിരുന്നത്. ഇതോടെ രോഷാകുരായ നാട്ടാകാര്‍ ഓഫിസ് ഉപരോധിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുസ്്‌ലീം യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
മാസങ്ങളായി മൂന്നിയൂര്‍ വില്ലേജ് ഓഫിസില്‍ ജീവനക്കാര്‍ എത്തുന്നത് തോന്നിയ സമയങ്ങളിലാണെന്ന പരാതി മുന്‍പും ശക്തമായിരുന്നു.
താലൂക്ക് സഭകളിലും മറ്റും വിഷയം മുന്‍പും അവതരിപ്പിച്ചിട്ടും മൂന്നിയൂര്‍ വില്ലേജ് ഓഫിസിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ ബക്കര്‍ ചേര്‍ന്നൂര്‍ പറഞ്ഞു. ജീവനക്കാര്‍ക്കെതിരേ സസ്—പെന്‍ഷന്‍ നടപടികളടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്്‌ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസ് ജീവനക്കാര്‍ വൈകിയെത്തുന്ന നടപടി തുടരുന്ന പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്ന് ഡിവൈഎഫ്‌ഐ മുന്നറിയിപ്പ്— നല്‍കി.
വില്ലേജില്‍  നിലനില്‍ക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളും ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങളും മുന്‍നിര്‍ത്തി മൂന്നിയൂര്‍ വില്ലേജ് വികസിപ്പിക്കുക, വിഭജിക്കുക എന്നാവശ്യപ്പെട്ട് ജനങ്ങളെ  സംഘടിപ്പിച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് സാമുഹ്യപ്രവര്‍ത്തകന്‍ മൊയ്തീന്‍കോയ വെളിമുക്ക് പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഡപ്യൂട്ടി തഹസില്‍ദീര്‍ ശ്രീകുമാര്‍ എത്തി ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍  മേലധികാരികള്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്നു പിന്‍മാറിയത്.
Next Story

RELATED STORIES

Share it